ടി20 ലോകകപ്പ്:ഇന്ത്യ – അഫ്ഗാൻ സൂപ്പർ എട്ട് പോര്
ടി20 ലോകകപ്പില്‍ രോഹിതും സംഘവും ആദ്യ സൂപ്പര്‍ എട്ട് മത്സരത്തിനിറങ്ങുന്നു. കുട്ടിക്രിക്കറ്റില്‍ കരുത്ത് തെളിയിച്ച അഫ്ഗാനുമായാണ് ടീം ഇന്ത്യ ഇന്ന് കൊമ്പു കോര്‍ക്കുന്നത്. ബര്‍ബഡോസയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടു മുതലാണ് മത്സരം. സൂപ്പര്‍ എട്ടില്‍ ആസ്‌ത്രേലിയയും ബംഗ്ലാദേശുമാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ എയിലുള്ള മറ്റു ടീമുകള്‍. അതിനാല#് അഫ്ഗനും ബംഗ്ലാദേശിനുമെതിരേയുള്ള ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് സെമി ഉറപ്പിക്കാനാണ് ഇന്ത്യന്‍ ശ്രമം. സൂപ്പര്‍ എട്ടില്‍ അവസാനമാണ് ശക്തരായ ആസ്‌ത്രേലിയക്കെതിരേയുള്ള മത്സരം.
സ്ട്രോങ്ങോണ് ഹിറ്റ്മാൻ പട
ഗ്രൂപ്പ് ഘട്ടത്തിലെ കളത്തിലിറങ്ങിയ മൂന്ന് മത്സരത്തിലും തകര്‍പ്പന്‍ വിജയവുമായാണ് ഇന്ത്യ സൂപ്പര്‍ എട്ടിലെത്തിയത്. കാനഡക്കെതിരായ അവസാന മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ ആറു റണ്‍സിനും കീഴടക്കി. മൂന്നാം മത്സരത്തില്‍ അമേരിക്കയെ ഏഴുവിക്കറ്റിനും തോല്‍പ്പിച്ച് സൂപ്പര്‍ എട്ട് പ്രവേശനം ആധികാരികമാക്കി.
ഇന്നും വിജയ ഇലവനെ നിലനിര്‍ത്തി തന്നെയാണ് ഇന്ത്യന്‍ ടീം ഇറങ്ങാന്‍ സാധ്യത. ഇനിയും ഫോമിലെത്താത്ത സൂപ്പര്‍ താരം വിരാട് കോഹ്ലി ഇന്ന് തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സൂര്യകുമാര്‍ യാദവും ശിവം ദുബെയും അമേരിക്കക്കെതിരായ മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് ആശ്വാസമായിരുന്നു. ന്യൂയോര്‍ക്കിലെ പിച്ചില്‍ നിന്ന് ഏറെ വ്യത്യസ്തമായതിനാല്‍ ഇന്ന് ഇന്ത്യന്‍ ബാറ്റര്‍ താളം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം.
ഇതിന് പുറമെ റിഷഭ് പന്തും അക്‌സര്‍ പട്ടേലും ഹര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനം തുടര്‍ന്നാല്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്തില്ല. ഫോമിന്റെ നിഴല്‍ പോലുമില്ലാത്ത രവീന്ദ്ര ജഡേജയുടെ കാര്യത്തിലാണ് രോഹിതിന്റെ പ്രധാന തലവേദന. എന്നാല്‍ ഇന്നും ജഡേജക്ക് അവസരം നല്‍കിയേക്കും.
മികച്ച പ്രകടനം നടത്തുന്ന ബൗളര്‍മാരുടെ കാര്യത്തില്‍ ഇന്ത്യന്‍ ക്യാംപിന് ആശങ്കകളില്ല. മികച്ച ഫോം തുടരുന്ന അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസിനെ പിടിച്ചു കെട്ടലാവും ഇന്ന് ജസ്പ്രിത് ബുംറയുടെ നേതൃത്വത്തിലുള്ള ബൗളര്‍മാരുടെ പ്രധാന വെല്ലുവിളി. അര്‍ഷ്ദീപും മുഹമ്മദ് സിറാജും ബുംറക്ക് മികച്ച പിന്തുണ നല്‍കിയാല്‍ അഫ്ഗാന്‍ ബാറ്റിങ് നിരയെ വേഗത്തില്‍ കൂടാരം കയറ്റാന്‍ ഇന്ത്യക്കാവും. ഇന്ന് ഒരു പേസര്‍ക്ക് പകരം കുല്‍ദീപിനോ ചഹലിനോ അവസരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരവും അമേരിക്കയില്‍ കളിച്ച ഇന്ത്യന്‍ ടീമിന് വെസ്റ്റ് ഇന്‍ഡീസിലെ കാലാവസ്ഥയും സാഹചര്യങ്ങളും വെല്ലുവിളി ഉയര്‍ത്തുമോ എന്ന് കണ്ടറിയണം.
പ്രതീക്ഷയിൽ അഫ്ഗാൻ
തങ്ങളുടേതായ ദിവസം ആരേയും വീഴ്ത്താനുള്ള കെൽപ്പുണ്ട് അഫാഗന്. ടി20യിൽ അത് അവർ പലതവണ തെളിയിച്ചതുമാണ്. എന്നാൽ, അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിന്‍ഡീസിനോടേറ്റ വന്‍പരാജയത്തിന്റെ ഷോക്കിലാണ് അഫ്ഗാന്‍ സൂപ്പര്‍ എട്ടിലെ ആദ്യ അങ്കത്തിനിറങ്ങുന്നത്. ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഉഗാണ്ടയെ 125 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു റാഷിദ് ഖാൻ നയിക്കുന്ന അഫ്ഗാന്റെ തുടക്കം. രണ്ടാം മത്സരത്തില്‍ വമ്പന്മാരായ ന്യൂസിലന്‍ഡിനെയും മൂന്നാം മത്സരത്തില്‍ പാപുവ ന്യൂഗിനിയയെയും വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതോടെ അഫ്ഗാന്‍ രാജകീയമായി സൂപ്പര്‍ എട്ടില്‍ കടന്നു. അവസാന മത്സരത്തില്‍ അപ്രതീക്ഷിതമായി തകര്‍ന്നിടിഞ്ഞെെങ്കിലും തകര്‍പ്പന്‍ തിരിച്ചു വരവ് നടത്തി ഇന്ത്യയെ ഞെട്ടിക്കാനാകും അഫ്ഗാൻ താരങ്ങൾ ഇന്ന് പാഡണിയുക.