ഗോകുലം കേരളയുടെ മുൻതാരമായിരുന്ന മുഹമ്മദ് നൗഫലിന് പിന്നാലെ മറ്റൊരു താരംകൂടി ഐ.എസ്.എൽ ക്ലബായ മുംബൈ സിറ്റിയിലേക്ക്. 2020 മുതൽ ജംഷഡ്പുർ എഫ്.സിയുടെ ഗോൽവലക്ക് മുന്നിലെ മിന്നും താരമായ കോഴിക്കോട്ടുകാരനായ ടി.പി രഹ്നേഷിനെയാണ് മുംബൈ സിറ്റി സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് വർഷത്തെ കരാറാണ് യുവ ഗോൾകീപ്പർക്ക് മുംബൈ നൽകിയിരിക്കുന്നത്.
2012ൽ ഒ.എൻ.ജി.സിയുടെ ഫുട്‌ബോൾ കരിയർ ആരംഭിച്ച രഹ്നേഷ് ഐ ലീഗിലൂടെയായിരുന്നു ഐ.എസ്.എല്ലിലെത്തിയത്. തുടർന്ന് മുംബൈ ടൈഗേഴ്‌സ്, ഷില്ലോങ് ലജോങ് ക്ലബുകൾക്കായി കളിച്ചു ഐ.എസ്.എല്ലിലെത്തി. 2014ൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിൽ ലോണിലെത്തി. അവിടെ നിന്ന് രണ്ട് സീസണിൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയും ലോണിൽ കളിച്ചു.
പിന്നീട് 2019-20സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചിലവഴിച്ച രഹ്‌നേഷ് 2020ലായിരുന്നു ജംഷഡ്പുരിലെത്തിയത്. ജംഷഡ്പുരിന് വേണ്ടിയാണ് രഹ്നേഷ് ഐ.എസ്.എല്ലിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ചത്. ജംഷഡ്പുരിനായി 70 മത്സരത്തിലാണ് രഹ്നേഷ് ബൂട്ടണിഞ്ഞത്. നേരത്തെ ഗോകുലം കേരളയുടെ മലയാളി താരം മുംബൈ സിറ്റിയിലെത്തിയിരുന്നു.
രണ്ട് വർഷത്തെ കരാറിലാണ് നൗഫലിനെ മുംബൈ സിറ്റി ടീമിലെത്തിച്ചത്. ഐ ലീഗിലെ മൂന്ന് സീസണുകളിൽ ഗോകുലം കേരളക്കായി നടത്തിയ മികച്ച പ്രകടനമായിരുന്നു നൗഫലിന് തുണയായത്. ഗോകുലം കേരളക്കൊപ്പവും കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിലും മികവ് കാണിക്കാൻ നൗഫലിന് കഴിഞ്ഞിരുന്നു.
മധ്യനിരയിൽ പന്തുമായി മികച്ച അടുപ്പം പുലർത്തുന്ന നൗഫലിന് അറ്റാക്കിങ്ങിലും പ്രതിരോധത്തിലും ഒരുമിച്ച് കളിക്കാൻ കഴിയുന്ന താരമാണ്. ഇത്തവണ ഐ.എസ്.എൽ ചാംപ്യൻമാരായ മുംബൈ സിറ്റി അടുത്ത സീസണിലേക്കായി മികച്ച ഒരുക്കമാണ് നടത്തുന്നത്. ഫൈനലിൽ മോഹൻ ബഗാനെ 3-1ന് തോൽപിച്ചായിരുന്നു മുംബൈ സിറ്റിയുടെ കിരീട നേട്ടം.
ഗ്രൂപ്പ് ഘട്ടത്തിലും മുംബൈക്ക് മികച്ച നേട്ടം കൊയ്യാൻ കഴിഞ്ഞിരുന്നു. 22 മത്സരത്തിൽനിന്ന് 47 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു മുംബൈ സിറ്റി ഗ്രൂപ്പ് ഘട്ടം പൂർത്തിയാക്കിയത്.