തുർക്കിക്ക് ജയം
യുവേഫ യൂറോ കപ്പില്‍ നടന്ന ഇഞ്ചോടിഞ്ച് പോരില്‍ ജോര്‍ജിയയെ വീഴ്ത്തി തുര്‍ക്കി. ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു തുര്‍ക്കിയുടെ വിജയം. രണ്ട് ലോകോത്തര ഗോളുകളുമായാണ് തുര്‍ക്കി ജോര്‍ജിയയെ വീഴ്ത്തിയത്. 25ാം മിനുട്ടില്‍ മെര്‍ട്ട് മള്‍ഡര്‍, അര്‍ദ ഗുളര്‍, മുഹമ്മദ് കരീം അക്തര്‍കോഗ്ലു എന്നിവരാണ് തുര്‍ക്കിയുടെ ഗോള്‍ വേട്ടക്കാര്‍.
നിരന്തരം ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞു നിന്ന മത്സരത്തില്‍ 25ാം മിനുട്ടില്‍ മെര്‍ട്ട് മള്‍ഡറിലൂടെയാണ് തുര്‍ക്കി ആദ്യം ലീഡെടുത്തത്. ഫെര്‍ഡി കഡിയോലു ബോക്സിലേക്കടിച്ച പന്ത് ജോര്‍ജിയന്‍ ഡിഫന്‍ഡര്‍ ലാഷ ഡാലി ഹെഡ് ചെയ്തകറ്റി. എന്നാല്‍ പന്ത് ചെന്നെത്തിയത് മെര്‍ട്ട് മള്‍ഡറുടെ കാല്‍പ്പാകത്തിനായിരുന്നു. താരത്തിന്റെ തകര്‍പ്പന്‍ വോളി ജോര്‍ജിയന്‍ വലതുളച്ചു.
ഗോള്‍വീണതോടെ ജോര്‍ജിയ ഉണര്‍ന്നു കളിച്ച ജോര്‍ജിയ അധികം വൈകാതെ ലക്ഷ്യം കണ്ടു. 32ാം മിനുട്ടില്‍ ജോര്‍ജ് മിക്കൗടാഡ്‌സെയാണ് ജോര്‍ജിയയെ ഒപ്പമെത്തിച്ചത്. ആദ്യ പകുതി 1-1ല്‍ അവസാനിച്ചു.
രണ്ടാം പകുതിയിലും ഇരുടീമും ആക്രമണം തുടര്‍ന്നു. ഒടുവില്‍ 65ാം മിനുട്ടില്‍ തുര്‍ക്കി വീണ്ടും മുന്നിലെത്തി. കിടിലനൊരു ലോങ് റേഞ്ചറിലൂടെ അര്‍ദ ഗുളറാണ് സ്‌കോര്‍ ചെയ്തത്.
പിന്നീട് സമനില ഗോളിനായി ജോര്‍ജിയ പൊരുതിയെങ്കിലും ലക്ഷ്യം കാണാനായില്ല. 71-ാം മിനിറ്റില്‍ ജോര്‍ജിയയുടെ ജിയോര്‍ജി കൊഷോറാഷ്വിലിയുടെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങി. ഇന്‍ജുറി ടൈമിലെ തുടരാക്രമണങ്ങളിലൂടെ ജോര്‍ജിയ ഗോളിനടുത്തെത്തിയെങ്കിലും തുര്‍ക്കി താരങ്ങള്‍ പ്രതിരോധക്കോട്ട കെട്ടി. ഒടുവില്‍ അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ തുര്‍ക്കി മൂന്നാം ഗോളും നേടി. ജോര്‍ജിയക്ക് ലഭിച്ച കോര്‍ണര്‍ കിക്കിനായി ഗോളിയടക്കം തുര്‍ക്കി ബോക്‌സില്‍ നില്‍ക്കുമ്പോള്‍ ലഭിച്ച പന്തുമായി മുന്നേറിയ അക്തര്‍കോഗ്ലു ആളൊഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം പന്തെത്തിച്ചു.