സൂപ്പർ എട്ടിൽ കടന്ന് വെസ്റ്റ് ഇൻഡീസ്
കിവീസിനെ കീഴടക്കി ടി20 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസ് സൂപ്പർ എട്ട് ഉറപ്പിച്ചു. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ 13 റൺസിനാണ് വിൻഡീസ് കിവികളെ പരാജയപ്പെടുത്തിയത്.
തോൽവിയോടെ ന്യൂസിലാൻഡിന്റെ സൂപ്പർ എട്ട് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോടും വില്യംസണും സംഘവും തോൽവി രുചിച്ചിരുന്നു. നാളെ പപ്പുവ ന്യൂ ഗിനിയക്കെതിരെ അഫ്ഗാനിസ്ഥാൻ ജയിച്ചാൽ ന്യൂസിലാൻഡ് ഔദ്യോഗികമായി ടൂർണമെന്റിൽ നിന്ന് പുറത്താകും.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ ഒന്‍പതിന് 149 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ന്യൂസിലന്‍ഡിന് 20 ഓവറിൽ ഒൻപതിന് 136 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 4 ഓവറിൽ 19 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അൽസാരി ജോസഫാണ് കിവികളുടെ ചിരകരിഞ്ഞത്. 33 പന്തിൽ 40 റൺസെടുത്ത ഗ്ലെൻ ഫിലിപ്സിന് മാത്രമാണ് ന്യൂസിലാൻഡ് നിരയിൽ തിളങ്ങാനായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഷെര്‍ഫാനെ റൂതര്‍ ഫോര്‍ഡിന്റെ ഒറ്റയാള്‍ പ്രകടനത്തിന്റെ മികവിലാണ് ഭേദപ്പെട്ട സ്‌കോറലെത്തിയത്. 39 പന്തില്‍ പുറത്താവാതെ 68 റണ്‍സാണ് റൂതര്‍ ഫോര്‍ഡ് സ്വന്തമാക്കിയത്. ആറ് സിക്‌സറുകളും രണ്ട് ഫോറും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. റൂതര്‍ ഫോര്‍ഡ് തന്നെയാണ് കളിയിലെ താരവും.
എന്നാല്‍ റൂതര്‍ ഫോര്‍ഡിന് കാര്യമായ പിന്തുണ നല്‍കാന്‍ ഒരു വിന്‍ഡീസ് ബാറ്റര്‍ക്കും കഴിഞ്ഞില്ല.
12 പന്തില്‍ 17 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് പിന്നീടുള്ള ടോപ് സ്‌കോറര്‍. ബ്രാന്‍ഡന്‍ കിങ് (9), ജോണ്‍സണ്‍ ചാള്‍സ് (0), റോസ്റ്റണ്‍ ചേസ് (0), റോവ്മാന്‍ പവല്‍ (1), അഖീല്‍ ഹൊസൈന്‍ (15), ആന്ദ്രെ റസല്‍ (14), റൊമാരിയോ ഷെഫേര്‍ഡ് (13), അള്‍സാരി ജോസഫ് (6) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.
നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടിന്റെ പ്രകടനമാണ് വിന്‍ഡീസിനെ 149ല്‍ ഒതുക്കിയത്. ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വീതവും ജെയിംസ് നീഷാം മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.