ബംഗ്ലാദേശ് നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയതോടെയാണ് ശ്രീലങ്ക മടക്ക ടിക്കറ്റ് ഉറപ്പിച്ചത്
ടി20 ലോകകപ്പില്‍ നിന്ന് സൂപ്പര്‍ എട്ടിലേക്ക് കടക്കാതെ ശ്രീലങ്ക പുറത്ത്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ബംഗ്ലാദേശ് വിജയിച്ചതോടെയാണ് ശ്രീലങ്ക മടക്ക ടിക്കറ്റ് ഉറപ്പിച്ചത്.
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ശ്രീലങ്ക രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോടും കീഴടങ്ങിയിരുന്നു. നേപ്പാളിനെതിരായ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് ലങ്കയുടെ കാര്യം അവതാളത്തിലായത്. ഇനി അവസാന മത്സരം ജയിച്ചാലും രണ്ടാം സ്ഥാനത്തുള്ള ബംഗ്ലാദേശിനെ ലങ്കക്ക് മറികടക്കാനാവില്ല. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ലങ്കയ്ക്ക് ഒരു പോയിന്റും ബംഗ്ലാദേശിന് നാലു പോയിന്റുമുണ്ട്.
ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ 25 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ ഡച്ചുകാരെ വീഴ്ത്തിയത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചിന് 159 റണ്‍സാണെടുത്തത്.
മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം എട്ടിന് 134 റണ്‍സില്‍ അവസാനിച്ചു. 22 പന്തില്‍ 33 റണ്‍സെടുത്ത സിബ്രാന്‍ഡ് എങ്കല്‍ബ്രറ്റാണ് ഡച്ച് നിരയിലെ ടോപ് സ്‌കോറര്‍. ബംഗ്ലാദേശിനു വേണ്ടി റിഷാദ് ഹുസൈന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ 46 പന്തില്‍ 64 റണ്‍സുമായി പുറത്താവാതെ നിന്ന ഷാകിബ് അല്‍ ഹസന്റെ ബാറ്റിങ്ങാണ് ബംഗ്ലാ സ്‌കോര്‍ 159ലെത്തിച്ചത്. 26 പന്തില്‍ 35 റണ്‍സെടുത്ത തന്‍സിദ് ഹസനും 21 പന്തില്‍ 25 റണ്‍സെടുത്ത മഹ്മൂദുല്ലയും തിളങ്ങി. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (1), ലിറ്റന്‍ ദാസ് (1), തൗഹീദ് ഹൃദോയി (9) എന്നിവര്‍ നിരാശപ്പെടുത്തി. ജാക്കര്‍ അലി ഏഴു പന്തില്‍ 14 റണ്‍സുമായി ഷാക്കിബിനൊപ്പം പുറത്താവാതെ നിന്നു. നെതര്‍ലന്‍ഡ്‌സിനു വേണ്ടി ആര്യന്‍ ഭട്ടും പോള്‍ വാന്‍ മീക്കരനും രണ്ടു വീതം വിക്കറ്റെടുത്തു.