അമേരിക്കയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ജയം നേടി ആസ്‌ത്രേലിയ. ഒമാനെതിരേ നടന്ന മത്സരത്തിൽ 39 റൺസിനായിരുന്നു ഓസീസിന്റെ ജയം. ആദ്യം ബാറ്റു ചെയ്ത ആസ്‌ത്രേലിയ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്റെ പോരാട്ടം നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസിൽ അവസാനിക്കുകയായിരുന്നു.
51 പന്തിൽ 56 റൺസ് നേടിയ ഡേവിഡ് വാർണർ, 36 പന്തിൽ 67 റൺസ് നേടിയ മാർക്ക് സ്റ്റയോനിന് എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് തുണയായത്. 30 പന്തിൽ 36 റൺസ് നേടിയ അയൻ ഖാനാണ് ഒമാന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ആഖിബ് ഇല്യാസ് 18 പന്തിൽ 18 റൺസും നേടി.
ടൂർണമെന്റിലെ ഒമാന്റെ രണ്ടാം തോൽവിയായിരുന്നു ഇത്. എട്ടിന് ഇഗ്ലണ്ടിനെതിരേയാണ് ആസ്‌ത്രേലിയയുടെ അടുത്ത മത്സരം. മറ്റൊരു മത്സരത്തിൽ ഉഗാണ്ട മൂന്ന് വിക്കറ്റിന് പാപുവ ന്യൂഗിനിയയെ തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത ഗിനിയ 19.1 ഓവറിൽ 77 റൺസിന് പുറത്തായപ്പോൾ മറുപടിക്കിറങ്ങിയ ഉഗാണ്ട 18.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഉഗാണ്ടയുടെ ടൂർണമെന്റിലെ ആദ്യ ജയമാണിത്.