റോബർട്ടോ കാർലോസ്, റൊണാൾഡീഞ്ഞോ, റൊണാൾഡോ, കഫു, റിവാൾഡോ തുടങ്ങിയ ഫുട്‌ബോൾ മാന്ത്രികൻമാർ തീർത്ത ചരിത്രം തിരുത്താൻ ബ്രസീൽ യുവതാരം എൻട്രിക് എത്തുന്നു. കോപാ അമേരിക്ക ടൂർണമെന്റിൽ താരം ബ്രസീൽ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങൾ ധരിച്ചിരുന്ന ഒൻപതാം നമ്പർ ജഴ്‌സിയുമായിട്ടാകും കളത്തിലിറങ്ങുന്നു.
നേരത്തെ റൊണാൾഡോ, 1970 ലോകകപ്പ് ജേതാവ് ടൊസ്റ്റാവോ തുടങ്ങിയവർ ധരിച്ച ജഴ്‌സിയാകും എൻട്രിക്കിന് കോപാ അമേരിക്കൻ ടൂർണമെന്റിൽ ലഭിക്കുക. അവസാന രണ്ട് കോപാ അമേരിക്ക ടൂർണമെന്റിലും 2018 ലോകകപ്പിലും ഗബ്രിയേൽ ജീസസായിരുന്നു ബ്രസീൽ ടീമിൽ ഒൻപതാം നമ്പർ ജഴ്‌സി ധരിച്ചിരുന്നത്. എന്നാൽ ഇനിമുതൽ എൻട്രിക്കായിരും ആ നമ്പറിന്റെ അവകാശി.
2022ലെ ഖത്തർ ലോകകപ്പിൽ റിച്ചർസിലണായിരുന്നു ഒൻപതാം നമ്പർ ജഴ്‌സി ധരിച്ചത്. ഇതുവരെ 21ാം നമ്പർ ജഴ്‌സിയായിരുന്നു എൻട്രിക് ധരിച്ചിരുന്നതെങ്കിൽ ഇനി മുതൽ ഇതിഹാസ നമ്പറായ ഒൻപതാം നമ്പർ ജഴ്‌സിയാണ് എന്ട്രിക്കിനെ വിത്യസ്തനാക്കുക. പെലെക്ക് ശേഷം 18 വയസിന് മുൻപ് ദേശീയ ടീമിനായി ഗോൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തം പേരിൽ ഏഴുതിച്ചേർത്താണ് താരം കോപാ അമേരിക്കക്ക് വേണ്ടി കളിക്കാനെത്തുന്നത്.
കഴിഞ്ഞ മാർച്ചിൽ വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരേ നടന്ന മത്സരത്തിലായിരുന്നു എൻട്രിക്കിന്റെ ചരിത്രത്തിലേക്കുള്ള ഗോൾ പിറന്നത്. പുതിയ സീസണിൽ റയൽ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലെത്തുന്ന എൻട്രിക് അവിടെയും മായാജാലം കാണിക്കുമെന്ന് പ്രതീക്ഷിക്കാം.