വനിതാ സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് വിജയത്തുടക്കം. നേപാളിൽ ഇന്നലെ തുടങ്ങിയ ടൂർണമെന്റിൽ പാകിസ്ഥാനെതിരേയുള്ള ആദ്യ മത്സരത്തിൽ 5-2ന്റെ ജയമായിരുന്നു ഇന്ത്യ നേടിയത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ഇന്ത്യ തുടക്കം മുതൽ അക്രമിച്ച് കളിച്ചു. അഞ്ചാം മിനുട്ടിൽ തന്നെ ഡാങ്‌മെയ് ഗ്രേസിന്റെ ഗോളിൽ ഇന്ത്യ മുന്നിലെത്തി. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യ അധികം വൈകാതെ രണ്ടാം ഗോളും നേടി.
17ാം മിനുട്ടിൽ സോളോ റണ്ണിലൂടെ മനീഷ കല്യാണായിരുന്നു ഇന്ത്യക്കായി രണ്ടാം ഗോൾ നേടിയത്. രണ്ട് ഗോൾ വഴങ്ങിയെങ്കിലും പാകിസ്ഥാൻ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. മൂന്നാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് ബാല ദേവി ഗോൾ നേടിയതോടെ ഇന്ത്യയുടെ ലീഡ് മൂന്നായി ഉയർന്നു. അധികം വൈകാതെ ഗ്രേസ് താരത്തിന്റെ രണ്ടാം ഗോളും ഇന്ത്യയുടെ നാലാം ഗോളും പാകിസ്ഥാന്റെ വലയിലാക്കി.
ഗോൾ മടക്കാനായി പൊരുതിക്കൊണ്ടിരുക്കുന്ന പാകിസ്ഥാന് ആദ്യ പകുതിയുടെ അധിക സമയത്ത് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത സുഹ പന്ത് ലക്ഷ്യത്തിലെത്തിച്ച് ആദ്യ പകുതിയിൽ സ്‌കോർ 4-1 എന്നാക്കി. ഒരു ഗോൾ നേടിയതോടെ ആത്മവിശ്വാസം വർധിച്ച പാകിസ്ഥാൻ 47ാം മിനുട്ടിൽ രണ്ടാം ഗോളും നേടി ഇന്ത്യയെ സമ്മർദത്തിലാക്കി. കെയ്‌ലയായിരുന്നു പാകിസ്ഥാന് വേണ്ടി രണ്ടാം ഗോൾ നേടിയത്. പിന്നീട് പകരക്കാരിയായി കളത്തിലെത്തിയ ജ്യോതിയായിരുന്നു ഇന്ത്യയുടെ ഗോൾ പട്ടിക പൂർത്തിയാക്കിയത്.