വിംബിൾഡൻ പുരുഷ വിഭാഗം സിംഗിൾസിൽ കിരീടം ചൂടി സ്പാനിഷ് താരം കാർലോസ് അൽകാരസ്. ഇന്ന് നടന്ന കിരീടപ്പോരിൽ സെർബിയൻ താരം നൊവാക് ദ്യോകോവിച്ചിനെ മുട്ടുകുത്തിച്ചായിരുന്നു അൽകാരസിന്റെ കിരീട നേട്ടം. മത്സരത്തിൽ ആദ്യ രണ്ട് സെറ്റിലും ജയിച്ചു കയറിയ അൽകാരസിന് മൂന്നാം സെറ്റിൽ അൽപം വെല്ലുവിളി നേരിടേണ്ടി വന്നെങ്കിലും പൊരുതിയ അൽകാരസ് കിരീടം നേടിയായിരുന്നു കോർട്ട് വിട്ടത്.
പതിയെ തുടങ്ങിയ ആദ്യ സെറ്റ് 6-2നായിരുന്നു അൽകാരസ് നേടിയത്. ആദ്യ സെറ്റ് നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത അൽകാരസ് രണ്ടാം സെറ്റിലും മികച്ച മുന്നേറ്റങ്ങൾ നടത്തി. രണ്ടാം സെറ്റും 6-2ന് അനായാസം അൽകാരസ് നേടിയതോടെ ദ്യോകോ തോൽവി സമ്മിതിച്ചു. എന്നാൽ മൂന്നാം സെറ്റിൽ സർവശക്തിയുമെടുത്ത് പൊരുതിയ ദ്യോകോ മൂന്നാം സെറ്റിൽ അൽകാരസിന് അൽപം വെല്ലുവിളി ഉയർത്തിയെങ്കിലും മൂന്നാം സെറ്റും അൽകാരസ് സ്വന്തമാക്കിയതോടെ ദ്യോകോ തോൽവി സമ്മിതിക്കുകയായിരുന്നു.
7-6നായിരുന്നു സ്പാനിഷ് താരം മൂന്നാം സെറ്റ് നേടിയത്. തുടർച്ചയായ രണ്ടാം തവണയാണ് അൽകാരസ് വിംബിൾഡൻ കിരീടം നേടുന്നത്. കഴിഞ്ഞ മാസം സമാപിച്ച ഫ്രഞ്ച് ഓപണിലും അൽകാരസ് കിരീടം നേടിയിരുന്നു. 2022ലെ വിംബിൾഡനിൽ കിരീടം സ്വന്തമാക്കാനും അൽകാരസിന് കഴിഞ്ഞു. എന്നാൽ ആസ്‌ത്രേലിയൻ ഓപണിൽ ഇതുവരെ സ്പാനിഷ് താരത്തിന് കിരീടം സ്വന്തമാക്കാനായിട്ടില്ല.
വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം ചെക്ക് റിപ്പബ്ലിക്ക് താരം ബാർബറ ക്രെജിക്കോവ സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ഇറ്റലിയുടെ ഏഴാം സീഡ് ജാസ്മിൻ പൗളീനിയെ മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്രെജിക്കോവ കീഴടക്കിയത്. സ്‌കോർ: 6-2, 2-6, 6-4. 28കാരിയായ താരത്തിന്റെ ആദ്യ വിംബിൾഡൺ കിരീടവും രണ്ടാം ഗ്രാൻസ്ലാം നേട്ടവുമാണിത്. ആദ്യ സെറ്റ് സ്വന്തമാക്കിയ ക്രെജിക്കോവയ്‌ക്കെതിരേ രണ്ടാം സെറ്റിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരുന്നു പൗളീനി.
എന്നാൽ മൂന്നാം സെറ്റിൽ മികവ് പുറത്തെടുത്ത ക്രെജിക്കോവ ജയം സ്വന്തമാക്കുകയായിരുന്നു. ഒരു മണിക്കൂറും 56 മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലായിരുന്നു ക്രെജിക്കോവയുടെ ജയം.സെമിയിൽ കസാഖ്‌സ്താന്റെ നാലാം സീഡ് എലേനാ റൈബാക്കിനയെ അട്ടിമറിച്ചായിരുന്നു ക്രെജിക്കോവയുടെ ഫൈനൽ പ്രവേശനം.