ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കും മേജർ സോക്കർ ലീഗിലെയും മത്സരങ്ങൾക്ക് ഇടവേള വന്നതോടെ ഇനി അർജന്റൈൻ ആരാധകർക്ക് മെസ്സിയുടെ കളി കാണാൻ രണ്ടര മാസം കാത്തിരിക്കേണ്ടി വരും. ഇന്നലെ പെറുവിനെതിരേയായിരുന്നു മെസ്സി രാജ്യത്തിനായി അവസാനമായി കളിച്ചത്. രണ്ടാഴ്ച മുൻപായിരുന്നു മേജർ ലീഗ് സോക്കറിൽ ഇന്റർ മിയാമിക്കൊപ്പം മെസ്സി അവസാനമായി കളിച്ചത്. പ്ലേ ഓഫിന് യോഗ്യത നേടാനാകാത്തതോടെ ഇന്റർ മിയാമി പുറത്താവുകയായിരുന്നു.
മേജർ ലീഗ് സോക്കറിൽ ഇടവേള കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാകും മെസ്സി ഇന്റർ മിയാമിക്കൊപ്പം കളത്തിലിറങ്ങുക. അടുത്ത വർഷം മാർച്ച് 20നാണ് അർജന്റീനയുടെ അടുത്ത രാജ്യന്തര മത്സരം. അതിനാൽ ആരാധകർ ഇത്രയും സമയം കാത്തിരിക്കേണ്ടി വരും. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന തോൽപിച്ചത്. മത്സരത്തിൽ 74 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് അർജന്റീനയായിരുന്നു.
എന്നാൽ അവർക്ക് കൂടുതൽ ഗോളുകൾ നേടാൻ കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ലോക ചാംപ്യൻമാർ ഗോളിനായി ശക്തമായ പോരാട്ടം നടത്തിയെങ്കിലും പെറുവിന്റെ പ്രതിരോധം മറികടക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ലയണൽ മെസ്സിയുടെ പാസിൽനിന്ന് ലൗതാരോ മാർട്ടിനസായിരുന്നു അർജന്റീനക്കായി ഗോൾ നേടിയത്. കൂടുതൽ സമയം പന്ത് അർജന്റീനയുടെ കൈവശമായിരുന്നെങ്കിലും പത്തു ഷോട്ടുകൾ മാത്രമായിരുന്നു അർജന്റീന പെറുവിന്റെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ മൂന്ന് എണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. പെറുവാകട്ടെ രണ്ട് തവണ മാത്രമാണ് അർജന്റീനയുടെ പോസ്റ്റിലേക്ക് ഷോട്ട് തൊടുത്തത്. എന്നാൽ അതിൽ ഒന്നു പോലും ഷോട്ട് ഓൺ ടാർഗറ്റായില്ല. 12 മത്സരത്തിൽനിന്ന് 25 പോയിന്റുള്ള അർജന്റീന തന്നെയാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 12 മത്സരത്തിൽനിന്ന് എട്ട് ജയം, ഒരു സമനില, മൂന്ന് തോൽവി എന്നിവയാണ് അർജന്റീനയുടെ നേട്ടം. അടുത്ത വർഷം മാർച്ച് 20ന് ഉറുഗ്വെക്കെതിരേയാണ് അർജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം.
മറ്റൊരു മത്സരത്തിൽ ഉറുഗ്വെ ബ്രസീലിനെ സമനിലയിൽ തളച്ചു. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. മത്സരത്തിൽ മേധാവിത്തം ബ്രസീലിനായിരുന്നെങ്കിലും ജയം നേടാൻ കാനറികൾക്ക് കഴിഞ്ഞില്ല. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. 55ാം മിനുട്ടിൽ ഫെഡറിക്കോ വാൽവർദേയുടെ ഗോളിൽ ഉറുഗ്വെ ആയിരുന്നു മുന്നിലെത്തിയത്. എന്നാൽ അധികം വൈകാതെ ഗോൾ മടക്കി ബ്രസീൽ സമനില കണ്ടെത്തി.
62ാം മിനുട്ടിൽ ഗേഴ്‌സനായിരുന്നു ബ്രസീലിന്റെ സമനില ഗോൾ നേടിയത്. 62 ശതമാനം പന്ത് കൈവശംവെച്ച് കളിച്ച ബ്രസീൽ 18 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ മൂന്ന് എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. 12 മത്സരത്തിൽനിന്ന് 18 പോയിന്റുള്ള ബ്രസീൽ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ. അടുത്ത വർഷം മാർച്ച് 20ന് കൊളംബിയക്കെതിരേയാണ് ബ്രസീലിന്റെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം.