അമേരിക്കക്ക് തോൽവി
കോപാ അമേരിക്കയിലെ രണ്ടാം മത്സരത്തിൽ ബൊളീവിയയുടെ വലനിറച്ച് ഉറുഗ്വെ. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു ഉറുഗ്വെ ജയിച്ചു കയറിയത്. ശക്തമായ നിരയുമായി കളത്തിലിറങ്ങിയ ഉറുഗ്വെക്ക് ഒരുഘട്ടത്തിലും ബൊളീവിയ വെല്ലുവിളിയായില്ല. ജയിച്ചതോടെ ഉറുഗ്വെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
എട്ടാം മിനുട്ടിൽ ഫകുണ്ടോ പെലിസ്ട്രിയുടെ ഗോളോടെയായിരുന്നു ഉറുഗ്വെ ഗോൾ വേട്ടക്ക് തുടക്കമിട്ടത്. ആദ്യ പത്തു മിനുട്ടിനുള്ളിൽ തന്നെ ഗോൾ നേടിയതോടെ പിന്നീട് മത്സരത്തിന്റെ പൂർണ നിയന്ത്രണം ഉറുഗ്വെ ഏറ്റെടുത്തു. എന്നാൽ വീണു കിട്ടിയ അവസരത്തിലെല്ലാം ഉറുഗ്വെ ഗോൾമുഖത്ത് ഭീതി വിതക്കാൻ ബൊളീവിയക്ക് കഴിഞ്ഞെങ്കിലും പന്ത് ലക്ഷ്യത്തിലെക്കാൻ മാത്രം അവർക്കായില്ല.
മത്സരം പുരോഗമിക്കവെ 21ാം മിനുട്ടിൽ ഡാർവിൻ നൂനസിന്റെ വക രണ്ടാം ഗോളും വന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുമായി ഉറുഗ്വെ മത്സരം അവസാനിപ്പിച്ചു. രണ്ടാം പകുതിക്ക് ശേഷമായിരുന്നു ബാക്കി മൂന്ന് ഗോളുകളും വന്നത്. 77ാം മിനുട്ടിൽ മാക്‌സിമിലാനോ അറുഹോയും ഗോൾ നേടിയതോടെ സ്‌കോർ 3-0 എന്നായി മാറി. മൂന്ന് ഗോൾ നേടിയതോടെ തോൽവി ഉറപ്പിച്ച ബൊളീവിയ പിന്നീട് പ്രതിരോധത്തിലേക്ക് ഇറങ്ങിക്കളിച്ചെങ്കിലും ഉറുഗ്വെ ഗോളടി നിർത്തിയില്ല.
81ാം മിനുട്ടിൽ ഫെഡറിക്കോ വാൽവർദേയും ഉറുഗ്വെക്കായി ലക്ഷ്യം കണ്ടു. 89ാം മിനുട്ടിൽ റോഡ്രിഗോ ബെന്റക്വറിന്റെ വകയായിരുന്നു ഉറുഗ്വെയുടെ അഞ്ചാം ഗോൾ. ജയിച്ചതോടെ ഉറുഗ്വെ ക്വാർട്ടർ ഉറപ്പിക്കുകയും ചെയ്തു. രണ്ട് മത്സരത്തിലും തോറ്റതോടെ ബൊളീവിയയുടെ പ്രതീക്ഷകൾ അസ്തമിച്ചു. ഗ്രൂപ്പ് സിയിൽ ആറു പോയിന്റുമായി ഉറുഗ്വെയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ പനാമ അമേരിക്കയെ പരാജയപ്പെടുത്തി ക്വർട്ടർ പ്രതീക്ഷ നിലനിർത്തി. 2-1 എന്ന സ്‌കോറിനായിരുന്നു പനാമയുടെ ജയം. 18ാം മിനുട്ടിൽ അമേരിക്കൻ താരം തിമോത്തി വെഹ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പിന്നീട് ആതിഥേയർ പത്തു പേരുമായിട്ടായിരുന്നു മത്സരം പൂർത്തിയാക്കിയത്.
എന്നാൽ 88ാം മിനുട്ടിൽ പനാമയുടെ ആൽബർട്ടോയും ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. സീസർ ബ്ലാസ്‌മെൻ (26), ജോസ് ഫയർദോ (83) എന്നിവരാണ് പനാമക്കായി ലക്ഷ്യം കണ്ടത്. 22ാം മിനുട്ടിൽ ഫൊലാറിന്റെ വകയായിരുന്നു അമേരിക്കയുടെ ആശ്വാസ ഗോൾ. പനാമ ജയിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള അമേരിക്കക്കും മൂന്നാം സ്ഥാനത്തുള്ള പനാമക്കും മൂന്ന് പോയിന്റ് വീതമായി. അതിനാൽ ഇരു ടീമുകൾക്കും ഗ്രൂപ്പിലെ മൂന്നാം മത്സരം നിർണായകമാകും.