ബാഴ്‌സയും ബയേണും കളത്തിൽ
യുവേഫ ചാംപ്യൻസ് ലീഗിൽ ഇന്ന് ക്ലാസിക് പോരാട്ടങ്ങൾ. ഇംഗ്ലീഷ് കരുത്തരായ ആഴ്‌സനലും ഇറ്റാലിയൻ വമ്പന്മാരായ ഇന്റർ മിലാനും ചാംപ്യൻസ് ലീഗ് നാലാം റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടും. രാത്രി 1.30ന് ഇന്ററിന്റെ മൈതാനത്താണ് മത്സരം. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് വീതമാണ് ഇരുടീമുകൾക്കുമുള്ളത്. നിലവിൽ ആഴ്‌സനൽ പട്ടികയിൽ ഒൻപതാം സ്ഥാനത്തും ഇന്റർ ഏഴാം സ്ഥാനത്തുമാണ്.ഇതേ സമയത്ത് ഫ്രഞ്ച് ചാംപ്യൻമാരായ പി.എസ്.ജിയും അത്‌ലറ്റിക്കോ മാഡ്രിഡും നേർക്കുനേർ വരുന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന മത്സരം. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രം സമ്പാദ്യമുള്ള പി.എസ്.ജിക്കും മൂന്ന് പോയിന്റുള്ള അത്‌ലറ്റിക്കോക്കും ഇന്ന് ജയം അനിവാര്യമാണ്. നിലവിൽ പോയിന്റ് ടേബിളിൽ പി.എസ്.ജി 19ഉം അത്‌ലറ്റിക്കോ 27ഉം സ്ഥാനങ്ങളിലാണുള്ളത്.കരുത്തരായ ബയേൺ മ്യൂണികും ബാഴ്‌സലോണയും ഇന്ന് നാലാമങ്കത്തിനിറങ്ങുന്നുണ്ട്. ഇന്ത്യൻ സമയം രാത്രി 1.30ന് നടക്കുന്ന മത്സരങ്ങളിൽ സെർബിയൻ ക്ലബ് ക്രവന സ്വെസ്ഡയെയാണ് ബാഴ്‌സ നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽ ബയേൺ മ്യൂണികിനെ 4-1ന് വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് ബാഴ്‌സയെത്തുന്നത്.
നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റോടെ പട്ടികയിൽ പത്താമതാണ് ബാഴ്‌സലോണ. എതിരാളികളായ സ്വെസ്ഡ മൂന്നിൽ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടാണെത്തുന്നത്. അതിനാൽ ഇന്ന് വൻജയത്തോടെ പട്ടികയിൽ മുന്നോട്ട് കുതിക്കാനാവും ബാഴ്‌സയുടെ ശ്രമം.മറുവശത്ത് പോർചുഗീസ് കരുത്തരായ ബെൻഫിക്കയെയാണ് ബയേൺ മ്യൂണിക് നേരിടുന്നത്. ബാഴ്‌സയോടേറ്റ പരാജയത്തിൽ നിന്ന് വിജയവഴിയിൽ തിരിച്ചെത്താനുറച്ചാവും ജർമൻ ചാംപ്യന്മാർ ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുക. മൂന്ന് മത്സരങ്ങളിൽ മൂന്ന് പോയിന്റ് മാത്രമുള്ള ബയേൺ പട്ടികയിൽ 23ാമതാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ബെൻഫിക്കയുടെ പട്ടികയിലെ സ്ഥാനം 13ആണ്.രാത്രി 11.15ന് നടക്കുന്ന മത്സരങ്ങളിൽ ക്ലബ് ബ്രൂഷെ ആസ്റ്റൺ വില്ലയെയും ഷാക്തർ ഡൊണട്‌സ്‌ക് യങ് ബോയ്‌സിനെയും നേരിടും.രാത്രി 1.30ന് നടക്കുന്ന മറ്റു മത്സരങ്ങൽ വി.എഫ്.ബി സ്റ്റട്ട്ഗർട്ട് അറ്റ്‌ലാന്റയെയും സ്പാർട്ട പ്രാഹ ബ്രെസ്റ്റിനെയും നേരിടും.