അടുത്ത സീസൺ തുടങ്ങുന്നതിന് മുൻപായി വിവിധ ടീമുകൾ താരങ്ങളെ ടീമിലെത്തിക്കുന്ന തിരക്കിലാണ്. യൂറോപ്പിലെ പല പ്രധാന വമ്പൻമാരെയും തേടിയുള്ള യാത്രയിലാണ് വിവിധ ക്ലബുകൾ ഇപ്പോൾ. മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ താരം ജൂലിയൻ അൽവാരസിനെ ചെൽസി ടീമിലെത്തിക്കാൻ ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്.
ഇത്തിഹാദിൽ കളിക്കാൻ മതിയായ അവസരം ലഭിക്കാത്തതിനാൽ താരം ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം. തുടർന്നാണ് ചെൽസി പ്രീമിയർ ലീഗ് ജേതാവിനെ തട്ടകത്തിലെത്തിക്കാൻ ശ്രമിക്കുന്നത്. ലാലിഗ കരുത്തൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡും അൽവാരെസിന് വേണ്ടി നോട്ടമിട്ടതായി മാർക്ക റിപ്പോർട്ട് ചെയ്തു.
ബാഴ്‌സലോണ മുന്നേറ്റ താരം റഫീഞ്ഞയെ വിറ്റ് ലിവർപൂളിന്റെ കൊളംബിയൻ താരം ലൂയിസ് ഡയസിനെ ടീമിലെത്തിക്കാൻ ബാഴ്‌സലോണക്ക് ആലോചനയുണ്ട്. സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടീവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കിലിയൻ എംബാപ്പെ ടീമിലെത്തുകയാണെങ്കിൽ അവസരം നഷ്ടപ്പെടുമെന്ന് മനസിലാക്കിയ റോഡ്രിഗോ റയൽ മാഡ്രിഡ് വിട്ടേക്കുമെന്നും സ്പാനിഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.
ഫുൾഹാം മധ്യനിര താരം ആൻഡ്രിയാണ് പെരേരിയയെ ടീമിലെത്തിക്കാൻ ടോട്ടനം ഹോട്‌സ്പർസ് താരത്തിന്റെ ഏജന്റുമായി പ്രാധമിക ചർച്ച നടത്തിയതായി ടീം ടാൽക് റിപ്പോർട്ട് ചെയ്തു. ഈ സീസണോടെ ലിവർപൂൾ വിടുന്ന ഗോൾകീപ്പർ കയോംഹിൻ കെല്ലഹർക്കായി 20 മില്യൻ യൂറോ ആവശ്യപ്പെടാനും ലിവർപൂളിന് നീക്കമുണ്ട്. തോമസ് പാർട്ടിക്ക് പകരക്കാരനായി ആഴ്‌സനൽ ആസ്റ്റൺ വില്ലയുടെ മധ്യനിര താരം ഡോഗ്ലസ് ലൂയീസിനെയാണ് കണ്ടുവെച്ചിട്ടുള്ളത്. ടുട്ടോ യുവെ ഇറ്റലിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.