ദക്ഷിണാഫ്രിക്കക്കെതിരേയുള്ള മൂന്നാം ടി20യിൽ സെഞ്ചുറിയുമായി ഇന്ത്യൻ താരം തിലക് വർമ. ഇന്നലെ നടന്ന മത്സരത്തിൽ 56 പന്തിൽനിന്ന് ഔട്ടാകാതെ 107 റൺസാണ് താരം നേടിയത്. മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. 107 റൺസ് നേടിയ തിലക് വർമയാണ് ഇന്ത്യക്ക് മെച്ചപ്പെട്ട സ്‌കോർ സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്.
ഓപണറായി എത്തിയ സഞ്ജു സാംസൺ ഇന്നലെയും പൂജ്യനായിട്ടാണ് മടങ്ങിയത്. സെഞ്ചുറിക്ക് ശേഷം തുടർച്ചയായ രണ്ടാം തവണയാണ് താരം പൂജ്യത്തിന് പുറത്താകുന്നത്. മാർക്കോ ജേസന്റെ പന്തിൽ ബൗൾഡായിട്ടായിരുന്നു സഞ്ജു മടങ്ങിയത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും കാര്യമായ സംഭാനവ നൽകാൻ കഴിഞ്ഞില്ല. നാലു പന്തിൽ ഒരു റൺ മാത്രമാണ് ക്യാപ്റ്റന്റെ നേട്ടം. ആൻഡിലെ സിമലെന്റെ പന്തിൽ മാർക്കോ ജേസൻ ക്യാച്ച് ചെയ്തായിരുന്നു സൂര്യ പുറത്തായത്.
25 പന്തിൽനിന്ന് 50 റൺസുമായി അഭിഷേക് ശർമ മടങ്ങി. കേശവ് മഹാരാജായിരുന്നു അഭിഷേകിനെ മടക്കി അയച്ചത്. പിന്നീട് ഹർദിക് പാണ്ഡ്യ എത്തിയെങ്കിലും കൂടുതൽ സമയം ക്രീസിൽ നിൽക്കാൻ കഴിഞ്ഞില്ല. 16 പന്തിൽനിന്ന് 18 റൺസാണ് താരത്തിന്റെ സമ്പാദ്യം. വമ്പനടികൾ പ്രതീക്ഷിച്ച് റിങ്കു സിങ് വന്നെങ്കിലും 13 പന്ത് മാത്രമായിരുന്നു റിങ്കു ക്രീസിൽനിന്നത്. 13 പന്തിൽ എട്ടു റൺസ് മാത്രമാണ് നേട്ടം.
അവസാന ഓവറിൽ അരങ്ങേറ്റക്കാരൻ രമൺദീപ് സിങ് എത്തി 15 റൺസ് സ്‌കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തു. ആൻഡിൽ സിമലെൻ, കേശവ് മാഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മാർക്കോ ജേസാനായിരുന്നു ഒരു വിക്കറ്റ്.