ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായി തോമസ് തുഷേല്‍ നിയമിതനായി. പതിറ്റാണ്ടുകളായുള്ള ഇംഗ്ലീഷ് ടീമിന്റെ കിരീട വരള്‍ച്ച തീര്‍ക്കുക എന്ന വെല്ലുവിളിയാണ് തുഷേല്‍ ഏറ്റെടുത്തിരിക്കുന്നത്. 2026 ലെ അമേരിക്കന്‍ ലോകകപ്പ് വരെയാണ് തുഷേലിന്റെ കരാര്‍ കാലാവധി. സ്വെന്‍-ഗോറാന്‍ എറിക്സണും ഫാബിയോ കാപ്പെല്ലോയ്ക്കും ശേഷം ഇംഗ്ലീഷ് ടീമിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് തുഷേല്‍.
അടുത്ത ജനുവരി മുതലാണ് തുഷേല്‍ പരിശീലക ചുമതല ഏറ്റെടുക്കുക. ഇക്കഴിഞ്ഞ യൂറോകപ്പിന് ശേഷം ഗാരെത് സൗത്ത്‌ഗേറ്റിന്റെ രാജിയെ തുടര്‍ന്ന് ലീ കാര്‍സ്ലി ടീമിന്റെ താല്‍ക്കാലിക പരിശീലകനായി ചുമതലയേറ്റിരുന്നു.
നേഷന്‍സ് ലീഗ് കാംപയ്ന്‍ അവസാനിക്കുന്നത് വരെ കാര്‍സ്ലി ചുമതലയില്‍ തുടരും.
മുമ്പ് പി.എസ്.ജി, ചെല്‍സി, ബയേണ്‍ മ്യൂണിക് തുടങ്ങി വമ്പന്‍ ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുമായാണ് തുഷേല്‍ ഇംഗ്ലീഷ് മണ്ണിലെത്തുന്നത്.