റോഡ്രിഗ്രസിന്റെ തിരിച്ചുവരവ്
ഏകദേശം പത്തു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ ഇതുപോലൊരു ജൂലെ മാസത്തിലെ 22ാം തിയ്യതിയായിരുന്നു പോർച്ചുഗീസ് ക്ലബായ പോർട്ടോയിൽനിന്ന് കളിയഴക് കണ്ടൊരു ചെറുപ്പക്കാരനെ ഫ്‌ളോറന്റീന പെരസ് പൊന്നും വിലകൊടുത്ത് സാന്റിയാഗോ ബെർണബ്യൂവിന്റെ പുൽമൈതാനത്തെത്തിച്ചത്. അവന്റെ പേരാണ് ജെയിംസ് ഡേവിഡ് റോഡ്രിഗസ് റൂബിയോ. സെർജിയോ റാമോസ്, ക്രിസ്റ്റിയാനോ റൊണാൾഡോ, ഗരത് ബെയിൽ, കരീം ബെൻസേമ, പെപ്പെ തുടങ്ങിയ തുടങ്ങിയ അതികായൻമാർക്കൊപ്പം പന്തു തട്ടിയ ജയിംസ് റോഡ്രിഗസും റയലിന്റെ കളത്തിലെ പുലിക്കുട്ടിയായിരുന്നു.
റയലിനൊപ്പം 2015-16,2016-17 വർഷങ്ങളിൽ ചാംപ്യൻസ് ലീഗ് നേടിയ സംഘത്തിലെ പ്രധാനി. മൂന്നു വർഷക്കാലം റയലിന്റെ തട്ടകത്തിൽ പന്തുതട്ടിയ മിന്നും താരം കൊളംബിയൻ ഫുട്‌ബോളിന്റെയും മേൽവിലാസമായി മാറാൻ അധികസമയം വേണ്ടിവന്നില്ല. കൊളംബിയൻ ഫുട്‌ബോൾ എന്നാൽ ആന്ദ്രെ എസ്‌കോബാറിന്റെ ദുഖ ഓർമകൾക്ക് ശേഷം ജെയിംസ് റോഡ്രിഗസിന്റെ പേരിൽ അറിയപ്പെട്ടു തുടങ്ങി. എന്നാൽ പെട്ടെന്നായിരുന്നു റോഡ്രിഗസ് ചിത്രത്തിൽനിന്ന് മായുന്നത്.
റയൽ വിടുന്നു
2017ൽ ജർമൻ ക്ലബായ ബയേൺ മ്യൂണിക്കിലേക്ക് ലോണിടിസ്ഥാനത്തിൽ പോകേണ്ടിവന്ന റോഡ്രിഗസിന് പിന്നീട് തീരാ നഷ്ടങ്ങളുടെ നാളുകളായിരുന്നു. ഫോമില്ലായ്മയും പരുക്കും വിനയായി കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ചിത്രത്തിൽനിന്നും മാഞ്ഞു. 2017 മുതൽ 2019വരെ ബയേൺ മ്യൂണിക്കിൽ കളിച്ച റോഡ്രിഗസിന് അവിടെയും ക്ലച്ചു പിടിക്കാനായില്ല. പിന്നീട് പ്രീമിയർ ലീഗ് ക്ലബ് എവർട്ടൺ, അവിടെ നിന്ന് ഖത്തർ ക്ലബ് അൽ റയ്യാൻ, ഗ്രീക്ക് ക്ലബ് ഒളിംപിയാകോസ്, അവിടെ നിന്ന് ബ്രസീലിയൻ ക്ലബായ ഒളിംപിയാകോസ്. 32ാം വയസിനുള്ളിൽ ഒരുകാലത്ത് മൈതാനതത്തെ തീപ്പന്തമായിരുന്ന താരത്തിന്റെ ഗ്രാഫ് ഇങ്ങനെയായിരുന്നു കുത്തനെ ഇടിഞ്ഞത്.
എന്നാൽ അതുകൊണ്ടൊന്നും തളരാത്ത പോരാളിയുടെ തിരിച്ചുവരവിന്റെ കഥയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കോപാ അമേരിക്ക ടൂർണമെന്റിൽ നാം കാണുന്നത്. 2014 ലോകകപ്പിൽ ആദ്യമായി കൊളംബിയൻ ടീമിൽ ഇടം നേടിയ റോഡ്രിഗസ് തന്നാലാവുന്നതെല്ലാം രാജ്യത്തിന് വേണ്ടി ചെയ്തു. ഈ ലോകകപ്പിൽ ആറു ഗോളുകളുമായി കൊളംബിയയുടെ ടോപ് സ്‌കോററായിട്ടായിരുന്നു ജെയിംസ് നാട്ടിലേക്ക് മടങ്ങിയത്. 2014 ലോകകപ്പിലെ പുതിയൊരു കണ്ടെത്തൽകൂടിയായിരുന്നു ജെയിംസ് എന്ന കുറിയ മനുഷ്യൻ. റയൽ മാഡ്രിഡിൽ മിന്നി നിൽക്കുന്ന സമയത്തായിരുന്നു ഇത്. 2015 കോപാ അമേരിക്ക ടൂർണമെന്റിലും ടീമിലെ പ്രധാനി. ടീമിന്റെ പോസ്റ്റർ ബോയിയായി വളർന്ന റോഡ്രിഗസായിരുന്നു കൊളംബിയൻ ടീമിന്റെ മേൽവിലാസം. റഷ്യയിൽ 2018ൽ നടന്ന ലോകകപ്പിലും കൊളംബിയൻ സംഘത്തിനൊപ്പം റോഡ്രിഗസ് കളത്തിലിറങ്ങി.
ദേശീയ ടീമിലില്ലാത്ത എട്ടുവർഷം
എന്നാൽ അന്ന് പരുക്ക് കാരണം ഫോം കണ്ടെത്താൻ കഴിഞ്ഞില്ല. ക്വാർട്ടർ കടക്കാതെ ടീം പുറത്ത്. 2019 കോപാ അമേരിക്ക ടൂർണമെന്റിലും ഇടം നേടിയ റോഡ്രിഗസിന് ടീമിനെ ക്വാർട്ടർ കടത്താനായില്ല. ക്വാർട്ടറിൽ ചിലിയോട് പെനാൽറ്റിയിൽ തോറ്റ് നാട്ടിലേക്ക് മടങ്ങി. പിന്നീട് നടന്ന 2021 കോപാ അമേരിക്ക ടൂർണമെന്റിൽനിന്ന് ഫോമില്ലാത്തതിന്റെ പേരിൽ ടീമിലിടം ലഭിച്ചില്ല. 2022ൽ ഖത്തറിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിൽ കൊളംബിയക്ക് യോഗ്യത ലഭിച്ചില്ല. എട്ടു വർഷത്തിലധികം കൊളംബിയൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ ചിത്രത്തിൽ റോഡ്രിഗസ് ഉണ്ടായിട്ടേ ഇല്ല.
ഇതോടെ തീരുമെന്ന് വിചാരിച്ചുന്ന കരിയറിന് സുവർണ മുദ്രചാർത്തിയാണ് റോഡ്രിഗസ് ഇപ്പോൾ ചാരത്തിൽനിന്ന് തീയായി ഉയർത്തെഴുനേറ്റിരിക്കുന്നത്. 2024 കോപാ അമേരിക്ക ടീമിലിടം നേടിയ റോഡ്രിഗസ് ആദ്യം നേടിയത് പുതിയൊരു റെക്കോർഡായിരുന്നു. ബൊളീവിയക്കെതിരേയുള്ള സൗഹൃദ മത്സരത്തിൽ രാജ്യത്തിനായി 100ാം അന്താരാഷ്ട്ര ഗോൾ നേടി താനിതാ തിരിച്ചു വന്നിരിക്കുന്ന എന്ന പ്രഖ്യാപിച്ച റോഡ്രിഗസിന്റെ തോളിലേറി മുന്നേറുന്ന കൊളംബിയൻ ടീം 28 മത്സരത്തിൽ തോൽവി അറിഞ്ഞിട്ടില്ല.
തിരിച്ചുവരവ്
ഇപ്പോഴിതാ കോപാ അമേരിക്ക ടൂർണമെന്റിന്റെ ഫൈനലിലും എത്തി നിൽക്കുന്നു. അവസാനമായി കളിച്ച 28 മത്സരത്തിൽ ആറു സമനില മാത്രം. ബാക്കി എല്ലാ മത്സരത്തിലും ജയം. കോപാ അമേരിക്കയിൽ ഇതുവരെ അഞ്ചു മത്സരം പൂർത്തിയാക്കിയ കൊളംബിയക്കായി നാലു മത്സരത്തിലും പ്ലയർ ഓഫ് ദ മാച്ച്. പനാമക്കെതിരേയുള്ള മത്സരത്തിൽ ഗോൾ.
ഉറുഗ്വെക്കെതിരേയുള്ള സെമി ഫൈനൽ പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ റെക്കോർഡും തകർത്ത് റോഡ്രിഗസ് ഇപ്പോൾ നിൽക്കുന്നുണ്ട് മൈാതാനത്തിന്റെ മധ്യത്തിൽ രണ്ടും കൈയും വിടർത്തിപ്പിടിച്ച് ഇതാ ഞാൻ ഇവിടെയുണ്ട്. ഇതിലും മികച്ചതായി എന്തു വേണും വിസ്മൃതിയിലേക്ക് മറഞ്ഞിരുന്ന ഒരു താരത്തിന്റെ തിരിച്ചുവരവിനായി. കോപയുടെ ഫൈനലിൽ അർജന്റീനക്കെതിരേയുള്ള മത്സരത്തിലും റോഡ്രിഗസിന്റെ ഇന്ദ്രജാലം തുടരുമോ എന്ന് കാത്തിരുന്ന് കാണാം.