യൂറോകപ്പിൽ സ്പെയിനിനായി മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം ലാമിനെ യമാലിന്റെ കരാറിലെ നിബന്ധനകളിൽ ബാഴ്സലോണയുമായി ചർച്ച ചെയ്യാനൊരുങ്ങി താരത്തിന്റെ ഏജന്റ്. യൂറോകപ്പിലെ സ്പെയിനിന്റെ കിരീട നേട്ടത്തിന് പ്രധാനിയാണ് യമാൽ. ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള അവാർഡും മികച്ച ഗോളിനുള്ള അവാർഡും യമാലിന്റെ പേരിലാണ്. യൂറോ കപ്പിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു താരം പതിനേഴാം ജൻമദിനം ആഘോഷിച്ചത്.
അതിനാൽ നിലവിലെ കരാറിന്റെ നിബന്ധനകൾ വീണ്ടും ചർച്ച ചെയ്യാൻ ബാഴ്സലോണ വിംഗർ ലാമിൻ യമലിന്റെ ഏജന്റ് ക്ലബിനോട് ആവശ്യപ്പെട്ടതായി ഒരു റിപ്പോർട്ട് വെളിപ്പെടുത്തി. യമാലിന്റെ ഏജന്റ് ജോർജ്ജ് മെൻഡസാണ് ബാഴ്സലോണയുമായി ഇക്കാര്യം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തതെത്തിയത്.
കഴിഞ്ഞ സമ്മറിൽ ബാഴ്സയുമായി ഒപ്പിട്ട കരാറിന്റെ രണ്ട് വർഷംകൂടി ഇനി യമാലിന് ബാക്കിയുണ്ട്. അതിന് ശേഷം കരാറിൽ പുതിയ ക്ലോസുകൾ കൊണ്ടുവരാനാണ് ബാഴ്സലോണ മാനേജ്മെന്റുമായി യമാലിന്റെ ഏജന്റ് ചർച്ച നടത്തുന്നത്.
ടീമില പ്രധാന താരമെന്ന നിലയിൽ രണ്ടാം കരാറിൽ യമാലിന് കൂടുതൽ പ്രതിഫലവും ബോണസുകളും നൽകാനാണ് ചർച്ച. എന്നാൽ ഇക്കാര്യത്തിൽ ഔപചാരികമായ ചർച്ച ഇതുവരെ യമാലിന്റെ ഏജന്റും ബാഴ്സലോണ അധികൃതരും നടത്തിയിട്ടില്ല. ഉടൻ തന്നെ ഇക്കാര്യത്തിൽ ഇരു കൂട്ടരും തീരുമാനത്തിലെത്തുമെന്നാണ് വിവരം.