ആദ്യ മത്സരം ഫോഴ്‌സാ കൊച്ചിയും മലപ്പുറവും തമ്മിൽ
കേരളത്തിലെ ആദ്യ ഫുട്‌ബോൾ ലീഗായ സൂപ്പർ ലീഗ് കേരളക്ക് സെപ്റ്റംബർ ഏഴിന് തുടക്കമാകും. ടൂർണമെന്റിന്റെ ടൈറ്റിൽ സ്‌പോൺസറായി മഹിന്ദ്രയാണ് എത്തുന്നത്. ഫോഴ്‌സാ കൊച്ചി എഫ്‌സിയും മലപ്പുറം എഫ്.സിയും തമ്മിലാണ് ആദ്യ മത്സരം. സെപ്തംബർ 7ന് വൈകുന്നേരം 7.30 മണിക്ക് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ലീഗിന്റെ തുടക്കം.
വർണാഭമായ തുടക്കത്തിന് ഇന്ത്യയിലെ പ്രമുഖ താരങ്ങൾ സാക്ഷിയാകും. വിവിധ കലാപരിപാടികളും ഉണ്ടാകും .മഹീന്ദ്ര സൂപ്പർ ലീഗ് കേരള എന്നായിരിക്കും കേരളത്തിന്റെ ആദ്യ ഫുട്‌ബോൾ ലീഗ് അറിയപ്പെടുക എന്ന് സൂപ്പർ ലീഗ് കേരള ഡയരക്ടർ ഫിറോസ് മീരാൻ പറഞ്ഞു. 33 മത്സരങ്ങളാകും ലീഗിൽ ഉണ്ടാകുക. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്‌പോർട്‌സ് 1ലും വെബ് സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും ലഭിക്കും. ടിക്കറ്റുകൾ പേടിഎം വഴി ബുക്ക് ചെയ്യാം. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ ഇന്ന് മുതൽ ബുക്ക് ചെയ്യാം.
വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി നാളെ മഞ്ചേരി ഫുട്‌ബോൾ സ്റ്റേഡിയത്തിൽ ചാരിറ്റി മത്സരം സംഘടിപ്പിക്കുമെന്ന് സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് പറഞ്ഞു. ചാരിറ്റി മത്സരത്തിന്റെ ഭാഗമായി ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു. സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി മാധ്യമ അവാർഡുകളും ഏർപ്പെടുത്തി.
പത്രം, ടെലിവിഷൻ, ഓൺലൈൻ വിഭാഗങ്ങളിലെ മികച്ച റിപ്പോർട്ടർ, ക്യാമറാമാൻ എന്നിവർക്ക് ഒരു ലക്ഷവും, 50000 രൂപയുമാണ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫോഴ്‌സാ കൊച്ചി എഫ്‌സി, മലപ്പുറം എഫ്‌സി, തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി, കാലിക്കറ്റ് എഫ്‌സി, തൃശൂർ എഫ്‌സി എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് പ്രഥമ സൂപ്പർ ലീഗ് കേരളയിൽ മത്സരിക്കുക.
45 ദിവസം നീണ്ടു നിൽക്കുന്നതാണ് സൂപ്പർ ലീഗ് കേരള. സൂപ്പർ ലീഗ് കേരള ഡയറക്ടർ ഫിറോസ് മീരാൻ, കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.