19 വർഷം ഇന്ത്യൻ ഫുട്‌ബോളിന്റെ നീലക്കുപ്പായത്തിനൊപ്പം നേട്ടങ്ങളുടെ നെറുകയിലെത്തിയ ഇന്ത്യൻ ഫുട്‌ബോൾ താരം സുനിൽ ഛേത്രി വിരമിച്ചു. ഇന്ന് കുവൈത്തിനെതിരേ നടന്ന ലോകകപ്പ് യോഗ്യ മത്സരത്തോടെയായിരുന്നു 19 വർഷം നീണ്ട കരിയറിന് ഛേത്രി വിരാമം കുറിച്ചത്.
ഒരിക്കൽ പോലും ഇന്ത്യ പ്രധാന ടൂർണമെന്റുകളിലൊന്നും കളിച്ചിട്ടില്ലെങ്കിലും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയാണ് ഛേത്രി ബൂട്ടഴിക്കുന്നത്. മത്സരം ഗോൾ രഹിതമായി അവസാനിച്ചു. 59,000 ത്തോളം കാണികൾ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിൽ ആത്മവിശ്വാസത്തോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്.
തുടക്കത്തിൽ പഴുതടച്ച നീക്കങ്ങളുമായി ഇന്ത്യ കുവൈത്തിന്റെ പോസ്റ്റിലേക്ക് അക്രമം കടുപ്പിച്ചു. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയാവുകയായിരുന്നു. അവസരം കിട്ടയപ്പോഴെല്ലാം കുവൈത്തും ഇന്ത്യൻ പോസ്റ്റിന് മുന്നിൽ ഭീതി വിതച്ചു. എന്നാൽ പ്രതിരോധ താരം അൻവർ അലിയുടെയും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെയും അവസരോചിത ഇടപെടലുകൾ ഇന്ത്യക്ക് രക്ഷയായി.
മത്സരം സമനിലയിലായതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ജൂൺ 11ന് ദോഹയിൽ ഖത്തറിനെതിരേയാണ് ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരം. ഇന്നത്തെ മത്സരം സമനിലയിൽ കലാശിച്ചതിനാൽ ഖത്തറിനെതിരേയുള്ള മത്സരം ഇന്ത്യക്ക് നിർണായകമാകും.