യുവേഫ ചാംപ്യൻസ് ലീഗിൽ കാലിടറി വമ്പൻമാർ. ഇന്നലെ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ എ.സി മിലാനായിരുന്നു റയൽ മാഡ്രിഡിനെ മുട്ടുകുത്തിച്ചത്. 3-1 എന്ന സ്‌കോറിനായിരുന്നു റയലിന്റെ തോൽവി. ലാലിഗയിൽ ബാഴ്‌സലോണയിൽനിന്നേറ്റ തോൽവിയുടെ ക്ഷീണം മാറും മുൻപാണ് റയൽ വീണ്ടും തോൽക്കുന്നത്. മത്സരത്തിൽ 57 ശതമാനം പന്ത് കൈവശംവെച്ച് കളിച്ചത് റയലായിരുന്നു. എന്നാൽ നിർണായക സമയത്ത് സ്‌കോർ ചെയ്യാൻ അവർക്കായില്ല. 23 ഷോട്ടുകളായിരുന്നു റയൽ മിലാന്റെ ഗോൾ വല ലക്ഷ്യമാക്കി തൊടുത്തത്. അതിൽ 10 എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. 12ാം മിനുട്ടിൽ മാലിക് തിയാവായിരുന്നു മിലാന് വേണ്ടി ആദ്യ ഗോൾ നേതിയത്. ഒരു ഗോൾ വഴങ്ങിയതോടെ സമനിലക്കായി റയൽ പൊരുതിക്കളിച്ചുകൊണ്ടിരുന്നു. ഒടുവിൽ 23ാം മിനുട്ടിൽ റയലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത വിനീഷ്യസ് ജൂനിയറിന് പിഴച്ചില്ല. സ്‌കോർ 1-1. എന്നാൽ അധികം വൈകാതെ മിലാൻ ലീഡ് വർധിപ്പിച്ചു. 39ാം മിനുട്ടിൽ അൽവാരോ മൊറാട്ടയായിരുന്നു മിലാന് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ മിലാൻ ഒരു ഗോളിന് മുന്നിട്ട് നിന്നു. രണ്ടാം പകുതി പുതിയ ഊർജവുമായി റയൽ മാഡ്രിഡ് എത്തിയെങ്കിലും ഫലമുണ്ടായില്ല. മത്സരം പുരോഗമിക്കവെ 73ാം മിനുട്ടിൽ മിലാൻ മൂന്നാം ഗോളും നേടി റയലിനെ സമ്മർദത്തിലാക്കി. തിയാനിയായിരുന്നു മിലാന് വേണ്ടി മൂന്നാം ഗോൾ നേടിയത്. നാലു മത്സരത്തിൽനിന്ന് ആറു പോയിന്റുള്ള റയൽ പട്ടികയിൽ 17ാം സ്ഥാനത്താണ്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പോർച്ചുഗീസ് ക്ലബായ സ്‌പോർടിങ് സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തരിപ്പണമാക്കി. 4-1 എന്ന സ്‌കോറിനായിരുന്നു സിറ്റിയുടെ തോൽവി. വിക്ടർ ഗ്യോകേഴ്‌സ് നേടി ഹാട്രിക്കിന്റെ കരുത്തിലായിരുന്നു സ്‌പോർടിങ്ങിന്റെ ജയം. 38,49,80 മിനുട്ടുകളിലായിരുന്നു വിക്ടറിന്റെ ഗോളുകൾ പിറന്നത്. 46ാം മിനുട്ടിൽ മാക്‌സ്മിലിയാനോ അറൂഹോയും സ്‌പോർടിങ്ങിനായി ഗോൾ നേടി. നാലാം മിനുട്ടിൽ ഫിൽ ഫോഡനിലൂടെ സിറ്റിയായിരുന്നു ആദ്യം ഗോൾ നേടിയതെങ്കിലും പിന്നീട് അവർക്ക് മികവ് കാട്ടാൻ കഴിഞ്ഞില്ല. നാലു മത്സരത്തിൽനിന്ന് ഏഴു പോയിന്റുള്ള സിറ്റി പട്ടികയിൽ ആറാം സ്ഥാനത്താണ്.