യുവേഫാ നാഷൻസ് ലീഗിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർച്ചുഗലും സ്‌പെയിനും ഇന്ന് കളത്തിലിറങ്ങുന്നു. രാത്രി 1.15ന് എവേ മത്സരത്തിൽ ഡെൻമാർക്കിനെയാണ് സ്‌പെയിൻ നേരിടുന്നത്. ഗ്രൂപ്പ് ഡിയിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സ്‌പെയിൻ നാലു മത്സരത്തിൽ മൂന്നെണ്ണത്തിൽ ജയിക്കുകയും ഒരു മത്സരത്തിൽ സമനില വഴങ്ങുകയും ചെയ്തു. നാലു മത്സരത്തിൽനിന്ന് ഏഴു പോയിന്റുള്ള ഡെൻമാർക്ക് പട്ടികയിൽ രണ്ടാം സ്ഥാനത്തുമുണ്ട്. ഇന്നത്തെ മത്സരത്തിൽ സ്‌പെയിനിനെ തോൽപിച്ചാൽ മാത്രാമേ ഡെൻമാർക്കിന് സ്ഥാനം നിലനിർത്താൻ കഴിയൂ. അതിനാൽ ഡെൻമാർക്കിന്റെ തട്ടകത്തിൽ ഇന്ന് ശക്തമായൊരു പോരാട്ടം പ്രതീക്ഷിക്കാം. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ ഹോം ഗ്രൗണ്ടിൽ പോളണ്ടിനെ നേരിടും. നാലു മത്സരത്തിൽനിന്ന് പത്തു പോയിന്റുള്ള പോർച്ചുഗൽ തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ക്രൊയേഷ്യ, മൂന്നാം സ്ഥാനത്തുള്ള പോളണ്ട് എന്നിവർ പിറകെയുള്ളതിനാൽ ജയത്തോടെ സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാകും പറങ്കികൾ കളത്തിലിറങ്ങുക. ഇതേ സമയത്ത് നടക്കുന്ന മത്സരത്തിൽ സ്വിറ്റ്‌സർലൻഡും സെർബിയയും തമ്മിൽ കൊമ്പുകോർക്കുമ്പോൾ റോമേനിയയും കോസോവോയും തമ്മിലാണ് മറ്റൊരു മത്സരം. എവേ മത്സരത്തിൽ ക്രെയേഷ്യ സ്‌കോട്‌ലൻഡിനെ നേരിടും.