ആവേശം നിറഞ്ഞ യൂറോകപ്പിന്റെ ആദ്യ സെമി ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് സ്‌പെയിൻ ഫൈനലിൽ. ഇന്ന് നടന്ന ആദ്യ സെമിയിൽ 2-1നായിരുന്നു കാളക്കൂറ്റൻമാൻ ഫ്രഞ്ച് പട്ടാളത്തെ മുട്ടുകുത്തിച്ചത്. ആവേശം അലതല്ലിയ മത്സരത്തിന്റെ എട്ടാം മിനുട്ടിൽ കിലിയൻ എംബാപ്പെയുടെ പാസിൽനിന്ന് കോലോ മൗനിയിലൂടെ ഫ്രാൻസായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ നേടിയത്.
എന്നാൽ ആ ഗോളിന് അധിക ആയുസുണ്ടായില്ല. 21ാം മിനുട്ടിൽ ലാമിനെ യമാൽ എന്ന അത്ഭുത ബാലൻ മികച്ച സ്‌ട്രൈക്കിലൂടെ സ്‌പെയിനിനെ മുന്നിലെത്തിച്ചു. ഡി ബോക്‌സിന്റെ മുന്നിൽനിന്ന് പന്തുമായി വെട്ടിത്തിരിഞ്ഞ യമാൽ തന്റെ ഇടംകാലു കൊണ്ട് പന്തു കൃത്യമായി ഫ്രാൻസിന്റെ വലയിലെത്തിച്ചു. പന്ത് ഫ്രാൻസിന്റെ വലയിലെത്തിയതോടെ ഒരുപിടി റെക്കോർഡുകളുമായിരുന്നു യമാൽ സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
ലോകകപ്പ്, കോപാ അമേരിക്ക, യൂറോകപ്പ് എന്നീ ടൂർണമെന്റുകളിൽ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോർഡായിരുന്നു യമാൽ സ്വന്തമാക്കിയത്. 1958ൽ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡായിരുന്നു യമാൽ പുഷ്പം പോലെ മറികടന്നത്. അധികം വൈകാതെ സ്‌പെയിൻ രണ്ടാം ഗോളും ഫ്രാൻസിന്റെ വലയിലെത്തിച്ചു.
ഇത്തവണ ഡാനി ഒൽമോയുടെ വകയായിരുന്നു ഗോൾ. നാലു മിനുട്ടിനുള്ളിൽ തന്നെ രണ്ട് ഗോൾ നേടിയതോടെ സ്‌പെയിൻ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പലപ്പോഴും ഫ്രഞ്ച് ഗോൾമുഖത്ത് സ്‌പെയിൻ ഭീതി പരത്തിക്കൊണ്ടിരുന്നു. രണ്ടാം പകുതിയിലും അക്രമണ പ്രത്യാക്രമണങ്ങളുമായി രണ്ട് ടീമുകളും കളിച്ചെങ്കിലും ഗോളൊന്നും കണ്ടെത്താനായില്ല. ഇതോടെ സ്‌പെയിൻ ഫൈനലിലേക്ക് ടിക്കറ്റുറപ്പിക്കുകയായിരുന്നു.