സൂപ്പർ ലീഗ് കേരളയിൽ ഫോഴ്‌സ കൊച്ചിയെ തോൽപ്പിച്ച് കാലിക്കറ്റ് എഫ്‌സി മഹീന്ദ്ര സൂപ്പർ ലീഗിലെ അപരാജിത കുതിപ്പ് തുടരുന്നു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന എട്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ ബ്രസീൽ താരം റാഫേൽ സാന്റോസാണ് കാലിക്കറ്റിന്റെ വിജയഗോൾ കുറിച്ചത്. എട്ട് കളികളിൽ 16 പോയന്റുമായി കാലിക്കറ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും കളികളിൽ 10 പോയന്റുള്ള കൊച്ചി നാലാം സ്ഥാനത്തുണ്ട്.
ടുണിഷ്യക്കാരൻ സൈദ് മുഹമ്മദ് നിദാൽ കൊച്ചിയെയും കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റൻ ജിജോ ജോസഫ് കാലിക്കറ്റിനെയും നയിച്ച മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ ആക്രമണം കണ്ടു. മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകളും അക്രമണ പ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞു കളിച്ചു. ഇരുപത്തിയെട്ടാം മിനുട്ടിൽ കാലിക്കറ്റ് മുന്നേറ്റക്കാരൻ ബെൽഫോർട്ട് നാല് എതിരാളികളെ മറികടന്ന് തൊട്ടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.
മുപ്പത്തിനാലാം മിനുട്ടിൽ ലീഡ് നേടാൻ കൊച്ചിക്ക് സുവർണാവസരം ലഭിച്ചു. എന്നാൽ കാലിക്കറ്റ് ഗോളിയുടെ പിഴവ് മുതലെടുക്കാൻ ഡോറിയൽട്ടന് സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ നായകൻ ജിജോ ജോസഫിനെ പിൻവലിച്ച കാലിക്കറ്റ് പി.എം ബ്രിട്ടോയെ കളത്തിലിറക്കി. ഗനി അഹമ്മദ് നിഗം, അബ്ദുൽ ഹക്കു എന്നിവരുടെ അഭാവം ഇന്നലെ കാലിക്കറ്റിന്റെ നീക്കങ്ങളിൽ നിഴലിച്ചു. കളി അവസാനിക്കാൻ സെക്കന്റുകൾ ബാക്കിയിരിക്കെ ഇഞ്ചുറി ടൈമിൽ കാലിക്കറ്റ് വിജയഗോൾ നേടി.
പകരക്കാരനായി എത്തിയ ബ്രസീലുകാരൻ റാഫേൽ സാന്റോസാണ് സ്‌കോർ ചെയ്തത്. കൊച്ചി കീപ്പർ ഹജ്മലിനെ മറികടന്ന പന്ത് പോസ്റ്റിൽ തട്ടി വലയിൽ കയറുകയായിരുന്നു. ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ 25ന് തിരുവനന്തപുരം കൊമ്പൻസ് ഫോഴ്‌സ കൊച്ചിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് മത്സരം.