സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. കോർപറേഷൻ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് എച്ചിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റെയിൽവേസിനെതിരേ കേരളത്തിന്റെ ജയം. ഗോൾ കീപ്പറായി ഹജ്മൽ, ഗനി നിഗം, സൽമാൻ, ക്യാപ്റ്റൻ സഞ്ജു, നിജോ ഗിൽബർട്ട് എന്നിവർ കേരളത്തിനായി ആദ്യ ഇലവനിൽ കളത്തിലിറങ്ങി. ആദ്യ പകുതിയിൽ കേരളം പലപ്പോഴും റെയിൽവേസിന് ഭീഷണി ഉയർത്തി. എന്നാൽ പലപ്പോഴും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയാവുകയായിരുന്നു.
എന്നാൽ കിട്ടയ അവസരത്തിലെല്ലാം റെയിൽവേസും കേരളത്തിന്റെ ഗോൾമുഖത്ത് പന്തെത്തിച്ചു കൊണ്ടിരുന്നു. ഗോളെന്നുറച്ച അവസരത്തിലും ഗോൾ കീപ്പർ ഹജ്മലായിരുന്നു രക്ഷകനായത്. റെയൽവേസിന്റെ മുന്നേറ്റത്തിൽനിന്ന് ഗോൾ കീപ്പർ ഹജ്മലിനെയും കടന്ന് പന്ത് പോസ്റ്റിലേക്ക് പോയെങ്കിലും ഗോൾ ലൈൻ സേവിലൂടെ മനോജ് കേരളത്തെ രക്ഷിക്കുകയായിരുന്നു. രണ്ടാം പകുതിക്ക് ശേഷമായിരുന്നു കേരളം കാത്തിരുന്ന ഗോൾ റെയിൽവേയുടെ വലയിലെത്തിയത്.
ശക്തമായ മുന്നേറ്റത്തിനൊടുവിൽ ബോക്‌സിൽനിന്ന് നിജോ ഗിർബർട്ട് നൽകിയ പന്ത് അജ്‌സൽ അനായാസം വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയിലേക്ക് കേരള കോച്ച് ബിബി തോമസ് സൽമാനെ വലിച്ച് മുഹമ്മദ് അജ്‌സലിനെ ഇറക്കി. 71ാം മിനുട്ടിൽ നിജോ ജിൽബർട്ട് ഗോൾപോസ്റ്റനിരികേ നിന്ന് കുറുക്കി നൽകിയ പാസ് അജ്‌സൽ വെടിയുണ്ട കണക്കെ ഗോൾപോസ്റ്റിലേക്ക് പായിച്ചു. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത കേരളം പിന്നീട് പലപ്പോഴും റെയിൽവേസിന്റെ ബോക്‌സിൽ ഭീതി സൃഷ്ടിച്ചു.
രണ്ടാം പകുതിക്ക് ശേഷം പരിശീലകൻ ബിബി തോമസ് ടീമിൽ ചെറിയ മാറ്റങ്ങൾ വരുത്തിയതായിരുന്നു കേരളത്തിന്റെ കളിയിൽ മുന്നേറ്റമുണ്ടാക്കിയത്. മത്സരത്തിനിറങ്ങുമ്പോൾ കേരളത്തിന് വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. അത് ഗ്രൗണ്ടിൽ നടപ്പാക്കിയെങ്കിലും ഗോളിലേക്കുള്ള വഴികൾ അടഞ്ഞു തന്നെ കിടന്നു. എങ്കിലും മത്സരം ജയിച്ച് പോയിന്റ് നേടിയതിൽ സന്തോഷമുണ്ട്. പരിശീലകൻ വ്യക്തമാക്കി. ഇനി നാളെ നടക്കുന്ന അടുത്ത മത്സരത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് ടീം.
നാളെ ലക്ഷദ്വീപിനെയാണ് ടീം നേരിടുന്നത്. എതിരാളികൾ കരുത്ത്‌കൊണ്ടും കഴിവ് കൊണ്ടും ശക്തരാണ്. അതിനാൽ മികച്ച പ്രകടനം തന്നെ പുറത്തെടുക്കും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ലക്ഷദ്വീപ് പോണ്ടിച്ചേരിയെ തോൽപിച്ചു. 3-2 എന്ന സ്‌കോറിനായിരുന്നു ലക്ഷദ്വീപിന്റെ ജയം.