ചാംപ്യൻസ് ലീഗിൽ റോയൽ ജയവുമായി റയൽ മാഡ്രിഡ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളിന് പിറകിൽനിന്ന ശേഷമായിരുന്നു റയൽ മാഡ്രിഡിന്റെ രാജകീയ തിരിച്ചുവരവ്. ആർപ്പുവിളിക്കുന്ന സ്വന്തം കാണികൾക്ക് മുന്നിൽ ജയത്തിൽ കുറഞ്ഞതൊന്നും നൽകാനില്ല എന്ന് തിരിച്ചറഞ്ഞ റയൽ തുടക്കം മുതൽ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു കളിച്ചു. എന്നാൽ 30ാം മിനുട്ടിൽ ബെർണബ്യൂവിനെ നിശബ്ദമാക്കി ഡോർട്മുണ്ട് ആദ്യ ഗോൾ നേടി.
30ാം മിനുട്ടിൽ ഡോണിയെൽ മെലനായിരുന്നു ഡോർട്മുണ്ടിനായി സ്‌കോർ ചെയ്തത്. ഒരു ഗോൾ നേടിയതോടെ ജർമൻ ശക്തികളുടെ ആവേശം വർധിച്ചു. അധികം വൈകാതെ അവർ രണ്ടാം ഗോളും നേടി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. എന്നാൽ രണ്ട് ഗോൾ മതിയായിരുന്നില്ല റയൽ മാഡ്രിഡിന് മേൽ ആധിപത്യം സ്ഥാപിക്കാൻ എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു പിന്നീട് റയലിന്റെ പ്രകടനം. 34ാം മിനുട്ടിൽ ജാമി ബിയോണിയായിരുന്നു ഡോർട്മുണ്ടിനായി രണ്ടാം ഗോള് നേടിയത്.
ആദ്യ പകുതിയിൽ രണ്ട് ഗോളിന് പിറകിൽനിന്ന റയൽ രണ്ടാം പകുതിയിലായിരുന്നു അഞ്ചു ഗോളുകളും ഡോർട്മുണ്ടിന്റെ വലയിലെത്തിച്ചത്. 60ാം മിനുട്ടിൽ പ്രതിരോധ താരം അന്റോണിയോ റൂഡിഗറായിരുന്നു റയലിനായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന് മനിസിലാക്കിയ റയൽ അധികം വൈകാതെ രണ്ടാം ഗോളും നേടി. മത്സരം സമനിലയിലാക്കി. 62ാം മിനുട്ടിൽ വിനീഷ്യസ് ജൂനിയറായിരുന്നു റയലിനായി ലക്ഷ്യം കണ്ടത്.
വിനീഷ്യസിന്റെ മിന്നുന്ന ഹാട്രിക്കിന്റെ കരുത്തിലായിരുന്നു റയൽ ജയം കൊയ്തത്. മത്സരം പുരോഗമിക്കവെ 83ാം മിനുട്ടിൽ ലൂക്കാസ് വാസ്‌ക്വസിലൂടെ ഗോൾ നേടി റയൽ ലീഡ് നേടി. 86ാം മിനുട്ടിൽ വിനീഷ്യസ് വീണ്ടും ഗോൾ നേടി റയലിന്റെ ലീഡ് വർധിപ്പിച്ചു. സ്‌കോർ 4-2. രണ്ട് ഗോൾ ലീഡ് നേടിയതോടെ ഉഗ്രരൂപിയായ റയൽ ഇഞ്ചുറി ടൈമിൽ അഞ്ചാം ഗോളും നേടി ഡോർട്മുണ്ടിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു. 93ാം മിനുട്ടിൽ വിനീഷ്യസായിരുന്നു അഞ്ചാം ഗോൾ നേടിയത്.
കൂടെ ഹാട്രികും പൂർത്തിയാക്കിയായിരുന്നു ബ്രസീലിയൻ സൂപ്പർ താരം കളംവിട്ടത്. 5-1 എന്ന സ്‌കോറിന് മൊണോക്കോ ക്രവന സസ്ദയെ തോൽപിച്ചു. 3-1ന് എന്ന സ്‌കോറിന് ബെൽജിയം ക്ലബായ ക്ലബ് ബ്രൂഷെയയാണ് എ.സി മിലാൻ തോൽപിച്ചത്. ജർമൻ ക്ലബായ സ്റ്റുട്ഗർട്ടിനോട് യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിന് ആഴ്‌സനൽ ഷാക്തർ ഡോൺസ്റ്റക്കിനെ തോൽപിച്ചു. സെൽഫ് ഗോളായിരുന്നു ആഴ്‌നലിന് വിജയമൊരുക്കിയത്.
പി.എസ്.ജി-പി.എസ്.വി മത്സരം 1-1 എന്ന സ്‌കോറിന് അവസാനിച്ചപ്പോൾ എതിരില്ലാത്ത രണ്ട് ഗോളിന് ആസ്റ്റൺവില്ല ബൊലോഗ്നെയെ തോൽപിച്ചു.