ദിനേശ് കാർത്തിക് ബംഗളൂരുവിൽ തുടരും
റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ടീം മാനേജ്‌മെന്റ്. കഴിഞ്ഞ സീസൺ ഐ.പി.എല്ലോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് അടുത്ത സീസണിലും ടീമിനൊപ്പം തുടരും. എന്നാല്‍, കളിക്കാരനായല്ല, ബാറ്റിങ് പരിശീലകനായും ഉപദേശകനായുമാണ് താരത്തെ ടീം മാനേജ്‌മെന്റ് നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ ആര്‍.സി.ബി പ്ലേഓഫില്‍ തോറ്റ് പുറത്തായതോടെയാണ് കാര്‍ത്തിക് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നത്. എന്നാല്‍ താരത്തെ ടീമിനൊപ്പം തന്നെ നിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. കാര്‍ത്തികും സമ്മതം മൂളിയതോടെ ആരധകരും ഹാപ്പി. ടീം മാനേജ്‌മെന്റ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ കാര്‍ത്തിക് പുതിയ റോളിലെത്തുന്ന വിവരം അറിയിച്ചത്.
‘ഞങ്ങളുടെ കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെ പുതിയ റോളില്‍ ആര്‍.സി.ബിയിലേക്ക് സ്വാഗതം ചെയ്യുന്നു. ആര്‍.സി.ബി പുരുഷ ടീമിന്റെ ബാറ്റിങ്് കോച്ചും മെന്ററും ആയി ഡികെ ഉണ്ടാകും’ ആര്‍.സി.ബി എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ മൂന്നു സീസണുകളിലായി ആര്‍.സി.ബിക്ക് വേണ്ടി 796 റണ്‍സാണ് കാര്‍ത്തിക് നേടിയത്.
ഐ.പി.എല്ലില്‍ ആകെ 257 മത്സരങ്ങളില്‍ നിന്ന് കാര്‍ത്തിക് 135.36 സ്‌ട്രൈക് റേറ്റില്‍ 4842 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളിലുമായി 180 മത്സരങ്ങളാണ് കാര്‍ത്തിക് ഇന്ത്യക്കായി കളിച്ചത്. ഏകദിനത്തില്‍ 30.21 ശരാശരിയില്‍ 1752 റണ്‍സും ട്വ20യില്‍ 26.38 ശരാശരിയില്‍ 686 റണ്‍സും നേടി. ടെസ്റ്റില്‍ 42 ഇന്നിങ്‌സുകളില്‍ നിന്ന് 1025 റണ്‍സാണ് കാര്‍ത്തിക്കിന്റെ സമ്പാദ്യം.