ലാലിഗയിൽ റയൽ മാഡ്രിഡിന് വീണ്ടും സമനിലപ്പൂട്ട്. ഇന്നലെ നടന്ന മത്സരത്തിൽ ലാസ് പാമസായിരുന്നു റയലിനെ സമനിലയിൽ തളച്ചത്. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. പുതിയ സീസണിൽ ഫ്രഞ്ച് ക്ലബ് വിട്ട് റയൽ മാഡ്രിഡിലെത്തിയ കിലിയൻ എംബാപ്പെക്ക് ഇന്നലെയും റയലിനായി തന്റെ ആദ്യ ഗോൾ സ്‌കോർ ചെയ്യാൻ കഴിഞ്ഞില്ല.
അഞ്ചാം മിനുട്ടിൽതന്നെ ഗോൾ നേടി ലാസ് പാമാസ് റയലിനെ ഞെട്ടിച്ചു. അഞ്ചാം മിനുട്ടിൽ മാക്‌ബേണിയുടെ അസിസ്റ്റിൽനിന്ന് ആൽബർട്ടോ മൊലേറിയോയായിരുന്നു ഗോൾ നേടിയത്. ഒരുഗോൾ നേടിയതോടെ പ്രതിരോധത്തിലായ റയൽ മാഡ്രിഡ് ഉടൻ തന്നെ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. എന്നാൽ ആദ്യ പകുതിയിൽ റയൽ മാഡ്രിഡിന്റെ എല്ലാ ശ്രമങ്ങളെയും ലാസ് പാമാസ് എതിർത്തു തോൽപ്പിച്ചു.
പക്ഷെ, രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലായിരുന്നു റയൽ തോൽവിയിൽനിന്ന് രക്ഷപ്പെട്ടത്. 69ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിനീഷ്യസ് ജൂനിയറായിരുന്നു റയൽ മാഡ്രിഡിന് സമനില ഗോൾ സമ്മാനിച്ചത്. പിന്നീട് വിജയ ഗോളിനായി റയൽ കിണഞ്ഞ് ശ്രമിച്ചെങ്കിലും ലാസ് പാമാസ് പ്രതിരോധം മറികടക്കാൻ അവർക്കായില്ല.
25 ഷോട്ടുകളായിരുന്നു റയൽ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ എട്ടെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. ലീഗിൽ മൂന്ന് മത്സരം പൂർത്തിയായപ്പോൾ അഞ്ചു പോയിന്റുമായി റയൽ മാഡ്രിഡ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ.