രോഹനും അക്ഷയ്ക്കും അർധ സെഞ്ചുറി
ഹരിയാനയുടെ ഹോംഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി രോഹൻ കുന്നുമ്മലും(55) അക്ഷയ് ചന്ദ്രനും (51) അർധ സെഞ്ചുറി നേടി. ലഹ്ലിയിലെ ചൗധരി ബൻസി ലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മോശം കാലാവസ്ഥയെ തുടർന്ന് വൈകി ആരംഭിച്ച കളിയിൽ കേരളത്തിന് അക്കൗണ്ട് തുറക്കും മുൻപെ ഓപ്പണർ ബാബ അപരാജിത്തിനെ നഷ്ടമായി.
അൻഷുൽ കംബോജിന്റെ പന്തിൽ കപിൽ ഹൂഡ ക്യാച്ചെടുത്താണ് അപരാജിത്ത് പുറത്തായത്.തുടർന്ന് ക്രീസിലെത്തിയ അക്ഷയ് ചന്ദ്രൻ രോഹൻ കുന്നുമ്മൽ കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്കോർ നൂറ് കടത്തിയത്. ഇരുവരും തമ്മിലുള്ള സഖ്യം 198 പന്തിൽ നിന്ന് 91 റൺസ് നേടി. 102 പന്തിൽ നിന്ന് ആറ് ഫോറുൾപ്പെടെ 55 റൺസ് നേടിയ രോഹനെ ക്യാപ്റ്റൻ അൻകിത് കുമാറിന്റെ കൈകളിലെത്തിച്ച് അൻഷുൽ കംബോജാണ് പുറത്താക്കിയത്.
മോശം കാലാവസ്ഥയെ തുടർന്ന് കളി നിർത്തുമ്പോൾ 160 പന്തിൽ നിന്ന് 51 റൺസുമായി അക്ഷയ് ചന്ദ്രനും 24 റൺസുമായി സച്ചിൻ ബേബിയും ക്രീസിലുണ്ട്. രഞ്ജിയിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടവും സച്ചിൻ ബേബിക്ക് സ്വന്തമായി. സഹതാരം റോഹൻ പ്രേമിന്റെ 5396 റൺസ് മറികടന്നാണ് സച്ചിൻ ബേബി ഈ നേട്ടം സ്വന്തമാക്കിയത്. 13 ഓവറിൽ 25 റൺസ് വഴങ്ങിയാണ് അൻഷുൽ കേരളത്തിന്റെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്.
വത്സൽ ഗോവിന്ദ്, ആദിത്യ സർവതെ, കെ.എം ആസിഫ് എന്നിവർക്ക് പകരം ഷോൺ റോജർ, എൻ.പി ബേസിൽ, നിതീഷ് എം.ഡി എന്നിവരെ ടീമിലുൾപ്പെടുത്തിയാണ് കേരളം കളിക്കാൻ ഇറങ്ങിയത്.