പോർചുഗൽ- സ്ലോവേനിയ, അഥവാ സി.ആർ – ഒബ്ലാക് പോരാട്ടം
യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ന് രാത്രി 12.30ന് പോർച്ചുഗൽ സ്ലോവേനിയക്കെതിരേ കളത്തിലിറങ്ങുകയാണ്. മത്സരത്തിന് അരയും തലയും മുറുക്കി ഒരുങ്ങിയ പോർച്ചുഗലിനായി ക്രിസ്റ്റിയാനോ റൊണാൾഡോ ആദ്യ ഇലവനിൽ ഇറങ്ങുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യൂറോകപ്പിൽ ഇതുവരെ ഒരു മത്സരത്തിലും ജയിച്ചിട്ടില്ലെങ്കിലും സ്ലോവേനിയ പോർച്ചുഗലിന് ഭീഷണി തന്നെയാണ്. അതിനാൽ ഇന്ന് ഏറ്റവും മികച്ച ഇലവനെ കളത്തിലിറക്കാനുള്ള തീരുമാനത്തിലാകും പരിശീലകൻ റോബർട്ടോ മാർട്ടിനസ്. ഗ്രൂപ്പ് ഘട്ടത്തിലെ ജോർജിയക്കെതിരേയുള്ള തോൽവിയുടെ ഭാരവുമായിട്ടാകും പറങ്കികൾ ഇറങ്ങുക. ജോർജിയക്കെതിരേ കളത്തിലിറങ്ങിയ ക്രിസ്റ്റിയാനോക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. പിന്നീട് മത്സരത്തിൽനിന്ന് പിൻവലിച്ചപ്പോൾ ക്രിസ്റ്റിയാനോ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനാൽ ഇന്ന് സ്ലോവേനിയക്കെതിരേ ടീം തിരഞ്ഞെടുപ്പിൽ പരിശീലകന് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും.
ഗ്രൂപ്പ് എഫിൽനിന്ന് ആറു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യൻമാരായിട്ടായിരുന്നു പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. അതേമസയം 2000ത്തിന് ശേഷം ആദ്യമായി യൂറോകപ്പിൽ പന്തുതട്ടാനെത്തിയ സ്ലോവേനിയ ജീവൻമരണ പോരാട്ടം പുറത്തെടുക്കാനുറച്ചാകും ഇറങ്ങുക. കാരണം തൊട്ടുമുൻപ് നടന്ന മത്സരത്തിൽ പോർച്ചുഗലിന് ജോർജിയക്ക് മുന്നിൽ അടിപതറിയിരുന്നു. അതിനാൽ ശക്തമായി പോരാടിയാൽ ജയിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സ്ലോവേനിയ ബൂട്ടണിയുക.
ചരിത്രം നോക്കിയാലും പോർച്ചുഗലിന് ഭയക്കേണ്ടിവരും. 2024 മാർച്ച് 26ന് പോർച്ചുഗലിനെതിരേ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് സ്ലോവേനിയക്കൊപ്പമായിരുന്നു ജയം. അതിനാൽ സർവശക്തിയുമെടുത്ത് പൊരുതാനാകും സ്ലോവേനിയയുടെ തീരുമാനം. യൂറോയിൽ ക്രിസ്റ്റിയാനോക്ക് ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും അന്താരാഷ്ട്ര ഫുട്‌ബോളിൽ കൂടുതൽ റെക്കോഡുള്ള ക്രിസ്റ്റിയാനോയെ ഒഴിവാക്കാൻ സാധ്യതയില്ലെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ലോവേനിയൻ ഗോൾ കീപ്പർ ഒബ്ലാക് കരിയറിൽ ഇതുവരെ മൂന്ന് ഹാട്രിക് ഗോളുകൾ മാത്രമായിരുന്നു വഴങ്ങിത്. അത് മൂന്നും ക്രിസ്റ്റിയാനോയുടെ ബൂട്ടിൽനിന്നായിരുന്നു. അതിനാൽ ക്രിസ്റ്റ്യാനോ-ഒബ്ലാക്ക് പോരാട്ടം കൂടിയാകും ഇന്നത്തേത്.
പോർച്ചുഗൽ സാധ്യതാ ടീം: (4-2-3-1)
കോസ്റ്റ, കാൻസീലോ,ഡയസ്, പെപെ, മെൻഡസ്, വിറ്റീഞ്ഞ, പലീഞ്ഞ, ബെർണാഡോ സിൽവ, ബ്രൂണോ, റാഫേൽ ലിയോ,ക്രിസ്റ്റിയാനോ റൊണാൾഡോ.
സ്ലോവേനിയ സാധ്യത ടീം (4-4-2)
ഒബ്ലാക്, കാർനിക്കിനിക്ക്, ഡ്രകുസിക്, ബിയോൾ, ബാൾക്കോവക്ക്, സ്‌റ്റൊയാനോവിക്ക്, സെറിൻ, എൽസിങ്ക്, മലാക്കർ, സ്‌പോറാർ, സീക്കോ.