ഫുട്‌ബോളിൽ ആതിഥേയർക്ക് ജയത്തുടക്കം. ഇന്നലെ നടന്ന പുരുഷൻമാരുടെ ഫുട്‌ബോളിൽ അമേരിക്കക്കെതിരേ ഫ്രാൻസിന് മികച്ച ജയമാണ് നേടിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഫ്രാൻസിന്റെ ജയം. മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഫ്രാൻസ് ഒരുഘട്ടത്തിൽ പോലും അമേരിക്കക്ക് അവസരം നൽകിയില്ല.
ആദ്യ പകുതിയിൽ ഫ്രാൻസ് അമേരിക്കൻ ഗോൾമുഖത്തേക്ക് കൂടുതൽ അക്രമങ്ങൾ നടത്തിയെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല. തുടർന്ന് ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
എന്നാൽ രണ്ടാം പകുതിയിലായിരുന്നു ഫ്രാൻസിന്റെ മൂന്ന് ഗോളുകളും പിറന്നത്. 61ാം മിനുട്ടിൽ ക്യാപ്റ്റൻ അലക്‌സാണ്ടർ ലകാസട്ടെയായിരുന്നു ഫ്രാൻസിനായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഫ്രാൻസ് അധികം വൈകാതെ രണ്ടാം ഗോളും അമേരിക്കയുടെ വലയിലാക്കി. 69ാം മിനുട്ടിൽ മൈക്കൽ അക്‌പോവിയായിരുന്നു ഫ്രാൻസിനായി രണ്ടാം ഗോൾ നേടിയത്.
രണ്ട് ഗോൾ നേടിയതോടെ അമേരിക്കക്ക് മേൽ സമ്പൂർണ ആധിപത്യത്തോടെ കളിക്കാൻ ഫ്രാൻസിന് കഴിഞ്ഞു. പിന്നീട് തുടരെ അമേരിക്കയുടെ പോസ്റ്റിലേക്ക് ഫ്രാൻസ് ഇരച്ചെത്തിക്കൊണ്ടിരുന്നു. ഒടുവിൽ 85ാം മിനുട്ടിൽ ഫ്രാൻസ് മൂന്നാം ഗോളും നേടി ജയം ഉറപ്പിച്ചു. ലികോ വിൻസെന്റായിരുന്നു ഫ്രാൻസിന്റെ മൂന്നാം ഗോൾ നേടിയത്. മാലി ഇസ്രയേൽ മത്സരം 1-1 എന്ന സ്‌കോറിന് സമനിലയിൽ കലാശിച്ചു.
ഇന്ന് മത്സരങ്ങളില്ല
ലോക കായിക മാമാങ്കത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനാൽ ഇന്ന് മത്സരങ്ങളൊന്നുമില്ല. ഫുട്‌ബോൾ, റഗ്ബി, ഹാൻഡ് ബോൾ, അമ്പെയ്ത്ത് മത്സരങ്ങൾ 24ന് തുടങ്ങിയിരുന്നു. എന്നാൽ ഇന്നാണ് ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. ഉദ്ഘാടനം നടക്കുന്നതിനാൽ എല്ലാ താരങ്ങൾക്കും ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇന്നത്തെ മത്സരങ്ങൾ ഒഴിവാക്കിയത്.