യൂറോകപ്പിൽ സ്‌പെയിനിന്റെ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച നിക്കോ വില്യംസ് ബാഴ്‌സലോണയിലെത്തുമെന്ന് റിപ്പോർട്ട്. അഞ്ചു വർഷത്തെ കരാറിൽ കാറ്റാലൻ ക്ലബ് താരത്തെ സ്വന്തമാക്കുമെന്ന് ഫുട്‌ബോൾ എസ്പാനയാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ലാലിഗ ക്ലബായ അത്‌ലറ്റിക്കോ ബിൽബാവോക്ക് വേണ്ടിയാണ് 22 കാരൻ താരം കളിക്കുന്നത്. യൂറോകപ്പിൽ സ്പാനിഷ് മുന്നേറ്റനിരയിൽ ലാമിൻ യമാലിനൊപ്പം മികച്ച കോമ്പിനേഷൻ പ്രകടനമായിരുന്നു ഇരുവരും പുറത്തെടുത്തത്.
ഇക്കാരണം കൊണ്ടാണ് നിക്കോയെ കാംപ്‌നൗവിലെത്തിക്കാൻ ബാഴ്‌സ മാനേജ്‌മെന്റ് ശ്രമം നടത്തുന്നത്. നിക്കോയുമായി ബാഴ്‌സ അഞ്ചു വർഷത്തെ കരാറിലെത്തിയതായും ഫുട്‌ബോൾ എസ്പാനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാൽ നികോ ബാഴ്‌സലോണക്ക് അന്തിമ വാക്കു നൽകുകയാണെങ്കിൽ അവർ 58 മില്യൻ യൂറോ റിലീസ് ക്ലോസ് നൽകുന്ന നടപടികളിലേക്ക് നീങ്ങും.
താരത്തിന്റെ ഏജന്റും ബാഴ്‌സലോണ ക്ലബും ഇതുവരെ വാക്കാലുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ നിക്കോയുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. 2021ൽ മുതൽ അത്‌ലറ്റിക്കോ ബിൽബാവോ താരമാണ് നികോ വില്യംസ്. ബിൽബാവോക്കായി 103 മത്സരം കളിച്ച നികോ 11 ഗോളുകളും സ്വന്തം പേരിൽ ഏഴുതിച്ചേർത്തിട്ടുണ്ട്.