യൂറോ കപ്പിൽ ഫ്രാൻസിനായി മികച്ച പ്രകടനം പുറത്തെടുത്ത ങ്കോളോ കാന്റെ വീണ്ടും പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നു. 33 കാരനായ താരം കഴിഞ്ഞ ജൂലൈയിലായിരുന്നു ചെൽസിയിൽനിന്ന് നാലു വർഷത്തെ കരാറിൽ അൽ ഇത്തിഹാദിലെത്തിയത്.
അവിടെ നടത്തിയ മികച്ച പ്രകടനം കാരണം രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കാന്റെക്ക് ദെശാംപ്‌സിന് കീഴിൽ ഫ്രാൻസ് ദേശീയ ടീമിലേക്ക് മടങ്ങി വരാനും സാധിച്ചിരുന്നു. ഇതോടെയാണ് വീണ്ടും പ്രീമിയർ ലീഗ് ടീമുകൾ താരത്തിന് പിറകെ കൂടിയിട്ടുള്ളത്.
മുൻ ലെസ്റ്റർ സിറ്റിയുടെയും ചെൽസിയുടെയും മിഡ്ഫീൽഡറായ കാന്റെയെ പ്രീമിയർ ലീഗിലേക്ക് തിരികെ കൊണ്ടുവരാൻ വെസ്റ്റ് ഹാം യുനൈറ്റഡാണ് രംഗത്തുള്ളതാണ് വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒരുകാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായിരുന്ന കാന്റെ 2016 ലെ ലെസ്റ്ററിന്റെ പ്രീമിയർ ലീഗ് കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാൽ പരുക്ക് കാരണം ചെൽസിയിൽ അവസാന സീസണിൽ കുറച്ച് മത്സരങ്ങളിൽ മാത്രമേ കാന്റെക്ക് കളിക്കാൻ കഴിഞ്ഞിട്ടുള്ളു.
സഊദി ക്ലബുമായി വെസ്റ്റ് ഹാം യുനൈറ്റഡ് ചർച്ചകൾ നടത്തിയതായി ഗാർഡിയനാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ക്ലബുകൾക്കും താരത്തിന്റെ കൈമാറ്റത്തിന് അനുകൂല നിലപാടാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.