പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം പുതിയ താരമെത്തുന്നു. യുവ ഡിഫൻഡർ ലിക്മാബാം രാകേഷിനെയാണ് മഞ്ഞപ്പട ടീമിലെത്തിച്ചത്. 21 വയസുകാരനായ രാകേഷ് 2027വരെയുള്ള കരാർ നൽകിയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മണിപ്പൂരിൽ ജനിച്ച രാകേഷ്, നെറോക്ക എഫ്.സിയിൽ നിന്നാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.
2018ൽ ബംഗളൂരു എഫ്.സി അക്കാദമിയിൽ ചേരുകയും അവരുടെ അണ്ടർ 16, അണ്ടർ 18, റിസർവ് ടീമുകളെ പ്രതിനിധീകരിച്ച് റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗ് ഉൾപ്പെടെ വിവിധ ടൂർണമെന്റുകളിൽ പങ്കെടുക്കുകയും ചെയ്തു. 2022ൽ ഐ ലീഗ് ക്ലബായ നെറോക്ക എഫ്.സി.യിൽ രാകേഷ് തിരിച്ചെത്തി. അതിനുശേഷം, ഐലീഗ്, ഡ്യൂറൻഡ് കപ്പ്, സൂപ്പർ കപ്പ് എന്നീ ടൂർണമെന്റുകളിൽ നെറോക്ക എഫ്‌സിക്കായി രാകേഷ് 40ലധികം മത്സരങ്ങൾ കളിച്ചു.
കൂടുതൽ മത്സരങ്ങളിലും ലെഫ്റ്റ്ബാക്ക് പൊസിഷനിലാണ് കളിച്ചിട്ടുള്ളതെങ്കിലും സെന്റർബാക്കായി കളിക്കാാനും കഴിവുള്ള കളിക്കാരനാണ് രാകേഷ് ലിക്മാബാം. ലിക്മാബാം രാകേഷിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കഴിഞ്ഞ സീസണിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു, അതുകൊണ്ട് തന്നെ ഭാവിയിൽ രാകേഷ് ഞങ്ങൾക്ക് വിലപ്പെട്ട കളിക്കാരനാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
ഇപ്പോൾ രാകേഷിന്റെ മുന്നോടുള്ള വളർച്ചയ്ക്കായി മികച്ച വഴി കണ്ടെത്തുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ലിക്മാബാം രാകേഷ് ക്ലബിന്റെ ഈ സീസണിലെ ഗോൾ കീപ്പർ സോം കുമാറിന് ശേഷമുള്ള രണ്ടാമത്തെ സൈനിംഗാണ്. അവസാന സീസണിൽ ബ്ലാസ്റ്റേഴ്‌സിൽനിന്ന് കൂടുതൽ താരങ്ങൾ ടീം വിട്ടിരുന്നു. അതിനാൽ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്.
ഇത്തവണ തായ്‌ലൻഡിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീ സീസൺ മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ടീം തായ്‌ലൻഡിലേക്ക് പുറപ്പെടുന്നതിന് മുൻപ് തന്നെ ബാക്കിയുള്ള എല്ലാ താരങ്ങളേയും ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാഗമാക്കും. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിലുള്ള ഏതാനും താരങ്ങളും സീനിയർ ടീമിന്റെ ഭാഗമാകുമെന്നാണ് വിവരം.
ചില റിസർവ് താരങ്ങളും ടീമിനൊപ്പം പ്രീ സീസൺ മത്സരങ്ങൾക്കായി തായ്‌ലൻഡിലേക്ക് പുറപ്പെടുന്നുണ്ട്. അതിൽനിന്ന് സെലക്ട് ചെയ്യുന്ന താരങ്ങൾക്കാകും സീനിയർ ടീമിനൊപ്പം കളിക്കാൻ അവസരം ലഭിക്കുക.