ജയപ്രതീക്ഷയിൽ നെതർലൻഡ്‌സ്
രണ്ടാം യൂറോകപ്പ് കിരീടം തേടിയുള്ള യാത്രയിലാണ് ഫുട്‌ബോളിനെ ഓറഞ്ച് കളർകൊണ്ട് അടയാളപ്പെടുത്തി നെതർലൻഡ്‌സ്. ഇന്ന് രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഡച്ചുകാർ നേരിടുന്നത്. പ്രീ ക്വാർട്ടറിൽ റൊമേനിയക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം സ്വന്തമാക്കിയ ഡച്ച് പട പിന്നീട് ക്വാർട്ടറിൽ തുർക്കിയെയായിരുന്നു നേരിട്ടത്.
ക്വാർട്ടറിൽ തുർക്കി നെതർലൻഡ്‌സിനെ വിറപ്പിച്ചെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്നായിരുന്നു ഓറഞ്ച് പട സെമി ഫൈനൽ ടിക്കറ്റുറപ്പിച്ചത്. തുർക്കിക്കെതിരേ 2-1 ന്റെ ജയമായിരുന്നു നെതർലൻഡ്‌സ് നേടിയത്. ചരിത്രത്തിൽ 22 തവണയാണ് ഇംഗ്ലണ്ടും നെതർലൻഡ്‌സും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ ഏഴു തവണ ജയിച്ചു കയറിയ നെതർലൻഡ്‌സിന് തന്നെയാണ് ജയത്തിൽ മുൻഗണ.
ആറു മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ ഒൻപത് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. എന്നാൽ നിലവിലെ അവസ്ഥയിൽ ശക്തരായ ഇംഗ്ലണ്ടിനെ വീഴ്ത്താൻ കഠിന പ്രയത്‌നം തന്നെ വേണ്ടിവരും. അതിനാൽ ഇന്ന് സിഗ്‌നൽ ഇഡുന പാർക്കിൽ തീ പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം.11ാം തവണയാണ് നെതർലൻഡ് യൂറോകപ്പിൽ കളിക്കുന്നത്.
1988ൽ ചാംപ്യൻമാരായതിന് ശേഷം പിന്നീട് യൂറോ കപ്പിൽ കാര്യമായി അടയാളപ്പെടുത്തലുകളൊന്നും നടത്താത്ത ഓറഞ്ച് പടക്ക് എപ്പോഴും നിർഭാഗ്യമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ച് രണ്ടാം ഫൈനലിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ഡച്ച് സംഘം.
നെതർലൻഡ്് സാധ്യത ലൈനപ്പ്:
വെർബ്രോഗൻ, ഡംഫ്രൈസ്, ഡെ വ്രിയ്, വാൻ ഡിക്, നതാൻ അകെ, ഷോട്ടൻ, സിമോൺസ്, റെയ്ൻഡേഴ്‌സ്, ബെർഗ്വിൻ, ഡീപേ, ഗാക്‌പോ.