യൂറോ കപ്പിൽ നെതർലൻഡ്‌സിന് അപ്രതീക്ഷിത തോൽവി. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ആസ്ട്രിയയോടാണ് ഡച്ച് പട പരാജയപ്പെട്ടത്. മത്സരത്തിൽ 3-2 എന്ന സ്‌കോറിനായിരുന്നു ആസ്ട്രിയയുടെ ജയം. ആറാം മിനുട്ടിൽ പിറന്ന സെൽഫ് ഗോളിന്റെ കരുത്തിലായിരുന്നു ആസ്ട്രിയ മുന്നിലെത്തിയത്. ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാനായി നെതർലൻഡ്‌സ് ശക്തമായ ശ്രമങ്ങൾ നടത്തിയെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.
എന്നാൽ രണ്ടാം പകുതിക്ക് ശേഷം കോഡി ഗോക്‌പോയുടെ ഗോളിൽ നെതർലൻഡ്‌സ് സമനില പിടിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാത്ത ഓസ്ട്രിയ അധികം വൈകാതെ രണ്ടാം ഗോളും നേടി മത്സരം വരുതിയിലാക്കി. 59ാം മിനുട്ടിൽ റൊമാനോ സ്‌കിമിഡായിരുന്നു രണ്ടാം ഗോൾ നേടിയത്. 80ാം മിനുട്ടിൽ മാർസൽ സാബിറ്റ്‌സറും ഓസ്ട്രിയക്കായി ലക്ഷ്യം കണ്ടു.
75ാം മിനുട്ടിൽ മെംഫിസ് ഡിപായിയായിരുന്നു നെതർലൻഡ്‌സിന്റെ ആശ്വാസ ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ പോളണ്ട് ഫ്രാൻസിനെ സമനിലയിൽ തളച്ചു. 1-1 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. കിലിയൻ എംബാപ്പെ, റോബർട്ട് ലെവൻഡോസ്‌കി എന്നിവരായിരുന്നു ഇരു ടീമുകളുടെയും ഗോൾ സ്‌കോറർമാർ.
പെനാൽറ്റിയിൽനിന്നായിരുന്നു രണ്ട് ടീമുകളും ഗോളുകൾ കണ്ടെത്തിയത്. ആറു പോയിന്റുമായി ആസ്ട്രിയയും അഞ്ചു പോയിന്റുമായി ഫ്രാൻസും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. മൂന്ന് മത്സരത്തിൽനിന്ന് നാലു പോയിന്റുള്ള നെതർലൻഡ്‌സ് മൂന്നാം സ്ഥാനത്തുമുണ്ട്. മൂന്നാം സ്ഥാനത്തെത്തിയതോടെ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ നെതർലൻഡ്‌സിന് കഴിയും.