ചെറിയ ഇടവേളക്ക് ശേഷം യുവേഫാ നാഷൻസ് ലീഗിൽ മത്സരങ്ങൾ ഇന്ന് വീണ്ടും തുടങ്ങുന്നു. കരുത്തരായ ഫ്രാൻസ്, ഇറ്റലി, ബെൽജിയം, ഇംഗ്ലണ്ട് എന്നിവർ ഇന്ന് വിവിധ ടീമുകൾക്കെതിരേ മത്സരത്തിനിറങ്ങുന്നുണ്ട്. ഇന്ന് രാത്രി 8.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ കസാഖിസ്ഥാൻ ആസ്ട്രിയയെ നേരിടും. രാത്രി 10.30ന് നടക്കുന്ന മത്സരത്തിൽ അർമേനിയയും ഫെറോ അയ്ലൻഡും തമ്മിലാണ് മത്സരം.
രാത്രി 1.15ന് കരുത്തരായ ഇംഗ്ലണ്ട് ഗ്രീസിനെ നേരിടും. ഗ്രീസിനെതിരേ വെംബ്ലിയിൽ നടന്ന ഹോം മത്സരത്തിൽ ഇംഗ്ലണ്ട് 2-1ന് ഗ്രീസിനോട് പരാജയപ്പെട്ടിരുന്നു. അതിനാൽ അതിന്റെ കണക്ക് തീർക്കാൻ വേണ്ടിയാകും ഇംഗ്ലീഷ് സംഘം ഇന്ന് ഗ്രീസിന്റെ തട്ടകമായ ഒളിംപിയ സ്റ്റേഡിയത്തിലെത്തുക. എന്നാൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ ജയിക്കാനുറച്ച് ഗ്രീസും കളത്തിലിറങ്ങുമ്പോൾ മത്സരം പൊടിപാറുമെന്ന കാര്യത്തിൽ സംശയമില്ല.
നിലവിൽ ഗ്രൂപ്പ് എഫിൽ നാലു മത്സരത്തിൽനിന്ന് 12 പോയിന്റുമായി ഗ്രീസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. നാലു മത്സരത്തിൽനിന്ന് ഒൻപത് പോയിന്റുള്ള ഇംഗ്ലണ്ട് പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്. ഇതേസമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ഇസ്രയേലിനെ നേരിടും. ഫ്രാൻസിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. നാലു മത്സരത്തിൽനിന്ന് ഒൻപത് പോയിന്റുള്ള ഫ്രാൻസ് പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ട്.
എന്നാൽ ദുർബലരായ ഇസ്രയേൽ പട്ടികയിൽ അവസാന സ്ഥാനത്താണുള്ളത്. അതിനാൽ സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ അനായാസം ജയം കൊയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഫ്രഞ്ച് ടീം. ഗ്രൂപ്പ് ബിയിൽ ബെൽജിയവും ഇറ്റലിയും തമ്മിലാണ് ഇന്നത്തെ പ്രധാന പോരാട്ടം. ബെൽജിയത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. നാലു മത്സരത്തിൽനിന്ന് 10 പോയിന്റുള്ള ഇറ്റലിയാണ് ഗ്രൂപ്പ് ബിയിൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
നാലു മത്സരത്തിൽനിന്ന് നാലു പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ബെൽജിയത്തിന് ഇനിയുള്ള മത്സരങ്ങൾ നിർണായകമാണ്. അതിനാൽ ഇന്ന് സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ബെൽജിയം ആഗ്രഹിക്കുന്നില്ല. അതിനാൽ ഇന്ന് രാത്രി 1.15ന് ബ്രസൽസിലെ കിങ് സ്റ്റേഡിയത്തിൽ തീ പാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.