മെസിക്ക് കരിയറിലെ 45ാം കിരീടം
കൊളംബിയയെ കീഴടക്കി വീണ്ടുമൊരു കോപാ അമേരിക്കയിൽ മുത്തമിട്ടതോടെ കിരീടക്കണക്കിൽ പുത്തനൊരു റെക്കോഡ് കൂടി സ്വന്തം പേരിൽ ചേർത്ത് ഇതിഹാസ താരം ലയണൽ മെസി. ക്ലബ്ബിനും രാജ്യത്തിനുമായി താരത്തിന്റെ 45ാം കിരീടമാണ് ഇന്നലെ അമേരിക്കയിലെ ഫ്‌ളോറിഡയിൽ ഉയർത്തിയത്. ഇക്കാര്യത്തിൽ മെസി മറികടന്നത് ബ്രസീലിന്റെ മുൻ താരം ഡാനി ആൽവസിനെ.
മുമ്പ് കിരീടനേട്ടങ്ങളുടെ പേരിൽ പഴികേട്ടിരുന്ന മെസി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അർജന്റീനയ്‌ക്കൊപ്പം നേടിയത് നാല് പ്രധാന ടൂർണമെന്റ് കിരീടങ്ങൾ. 2021 കോപാ അമേരിക്ക, 2022 ഫൈനലിസിമ, 2022 ലോകകപ്പ്, ഇപ്പോഴിതാ കോപായിൽ മറ്റൊരു കിരീടം കൂടി. 2019ന് ശേഷം ഇറങ്ങിയ ഒരു പ്രധാന ടൂർണമെന്റിലും ടീം കിരീടമില്ലാതെ മടങ്ങിയിട്ടില്ല. 2005ലെ അണ്ടർ 20 ലോകകപ്പും 2008ലെ ഒളിംപിക് സ്വർണവും അർജന്റീന നേടുമ്പോൾ മെസിയും ടീമിലുണ്ടായിരുന്നു.
45 കിരീടങ്ങളിൽ 39ഉം നേടിയത് ക്ലബ്ബ് തലത്തിലാണ്. ഇതിൽ ഏറിയ കിരീടവും സ്വന്തമാക്കിയത് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്‌ക്കൊപ്പം നാല് ചാംപ്യൻസ് ലീഗ്, 10 ലാ ലിഗ കിരീടങ്ങൾ, 15 പ്രാദേശിക കിരീടങ്ങൾ. പി.എസ്.ജിക്കൊപ്പം രണ്ട് ലീഗ് വൺ കിരീടങ്ങൾ, പി.എസ്.ജിക്കൊപ്പവും ഇന്റൻ മയാമിക്കൊപ്പവും ഓരോ പ്രാദേശിക കിരീടങ്ങൾ വീതം. ഇതോടൊപ്പം മൂന്ന് തവണ വീതം യുവേഫ സൂപ്പർ കപ്പും ക്ലബ്ബ് ലോകകപ്പും നേടി. ഈ കാലയളവിൽ എട്ട് ബാലൺ ദിയോർ പുരസ്‌കരത്തിനും ആറ് യൂറോപ്യൻ ഗോൾഡൻ ബൂട്ടിനും അവകാശിയായി. കരിയറിൽ 1068 മത്സരങ്ങളിൽ നിന്നായി 838 ഗോളുകളും 374 അസിസ്റ്റുകളുമാണ് ഇതിഹാസ താരത്തിന്റെ സമ്പാദ്യം.