പാരിസ് ഒളിംപ്കിസിൽനിന്ന് ആദ്യ മെഡൽ വെടിവെച്ചിട്ട് ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിലാണ് മനു ഭാക്കർ വെങ്കലം നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽക്ക് മെഡൽ പൊസിഷനിൽ നിന്ന് പുറത്താവാതെ പൊരുതിയ താരം ഒടുവിൽ വെങ്കലം നേടുകയായിരുന്നു. അഞ്ചു ഷോട്ടുകളുടെ ആദ്യ സീരീസിൽ 50.4 സ്‌കോർ ചെയ്ത മനുവിന് മികച്ച തുടക്കമാണ് ലഭിച്ചതോടെ മെഡൽ പ്രതീക്ഷയുണ്ടായിരുന്നു.
ആദ്യ സീരീസിൽ മൂന്ന് തവണ താരം 10ന് മുകളിൽ സ്‌കോർ ചെയ്തിരുന്നു. അഞ്ചു ഷോട്ടുകളുടെ രണ്ടാം സെറ്റിൽ, മനു സ്‌കോർ 100.3 ആക്കി ഉയർത്തി.ആദ്യ രണ്ട് സ്റ്റേജുകൾക്ക് ശേഷമുള്ള എലിമിനേഷൻ സ്റ്റേജും കടന്നാണ് താരം മെഡൽ നേടിയത്. 221.7 പോയിന്റോടെയാണ് മനു ഭാക്കറിന്റെ മെഡൽ നേട്ടം. ഇതോടെ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി 22കാരിയായ മനു ഭാക്കർ മാറി.
കൊറിയൻ താരങ്ങാണ് ആദ്യ രണ്ട് സ്ഥാനം സ്വന്തമാക്കിയത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിൽ പിസ്റ്റളിന് സാങ്കേതിക തകരാർ വന്നതോടെ മെഡൽ പ്രതീക്ഷയുണ്ടായിരുന്ന താരത്തിന് ഷൂട്ടിങ് റേഞ്ച് വിടേണ്ടിവന്നിരുന്നു. മത്സര ഫലത്തിന് വേണ്ടിയായിരുന്നില്ല ഞാൻ കാത്തുനിന്നത്. അതിലേക്കുള്ള വഴി എളുപ്പമാക്കുന്ന എല്ലാം ചെയ്യാനായിരുന്നു തീരുമാനം. മത്സരശേഷം മനു പറഞ്ഞു.