പുതിയ സീസൺ പ്രീമിയർ ലീഗിന് ഒരുങ്ങുന്നതിന് മുന്നോടിയായി മാഞ്ചസ്റ്റർ യുനൈറ്റഡിന് തിരിച്ചടി. ഇന്നലെ നടന്ന പ്രീ സീസൺ മത്സരത്തിൽ തോൽവിയോടെയായിരുന്നു യുനൈറ്റഡ് തുടങ്ങിയത്. കൂടുതൽ സീനിയർ താരങ്ങൾ ഇല്ലാതെ നോർവീജിയൻ ക്ലബായ റോസൻബർഗിനെതിരേയായിരുന്നു യുനൈറ്റഡ് ആദ്യ പ്രീ സീസൺ മത്സരം കളിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുനൈറ്റഡിന്റെ തോൽവി.
കസാമിറോയുടെ ക്യാപ്റ്റൻസിയിലായിരുന്നു ടീം കളത്തിലിറങ്ങിയത്. കോപാ അമേരിക്ക, യൂറോകപ്പ് കാരണം കൂടുതൽ താരങ്ങളും ഇല്ലാതെയായിരുന്നു യുനൈറ്റഡ് കളത്തിലെത്തിയത്. വാൻ ബിസാക്ക, മാസൻ മൗണ്ട്, മാർക്കസ് റാഷ്‌ഫോർഡ് തുടങ്ങിയവരും യുനൈറ്റഡിനായി കളത്തിലിറങ്ങി. മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചെങ്കിലും രണ്ടാം പകുതിയിലായിരുന്നു റോസൻബർഗിന്റെ ഗോൾ പിറന്നത്.
93ാം മിനുട്ടിൽ നോഹ ഇമ്മാനുവേലിന്റെ വകയായിരുന്നു റോസ്ബർഗിന്റെ വിജയഗോൾ. ജൂലൈ 20ന് റേഞ്ചേഴ്‌സിനെതിരേയാണ് യുനൈറ്റഡിന്റെ അടുത്ത പ്രീ സീസൺ മത്സരം. ആഗസ്റ്റ് 10ന് നടക്കുന്ന എഫ്.എ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കുന്നതിന് മുൻപ് യുനൈറ്റഡ് നാലു സൗഹൃദ മത്സരങ്ങളാണ് വിവിധ ടീമുകൾക്കെതിരേ കളിക്കുന്നത്.
ജൂലൈ 28ന് ആഴ്‌സനലിനെതിരേയും ആഗസ്റ്റ് ഒന്നിന് റയൽ ബെറ്റിസ്, ആഗസ്റ്റ് നാലിന് ലിവർപൂൾ എന്നിവർക്കെതിരേയാണ് യുനൈറ്റഡിന്റെ ബാക്കിയുള്ള പ്രീ സീസൺ മത്സരങ്ങൾ. ആഗസ്റ്റ് 17ന് യുനൈറ്റഡിന്റെ ഫുൾഹാമിനെതിരേയുള്ള മത്സരത്തോടെയാണ് പുതിയ പ്രീമിയർ ലീഗ് സീസണിന് തുടക്കമാകുന്നത്.