സൂപ്പർ ലീഗ് കേരളയിൽ തിരിച്ചുവരവ് ആഘോഷമാക്കി മലപ്പുറം എഫ്.സി. കതീനയും അമിട്ടും ഗുണ്ടും കുഴിമിന്നിയുമായി മാജിക് കാണിക്കാനെത്തിയ തൃശൂര്‍ മലപ്പുറത്തിന്റെ ഗോള്‍മഴയില്‍ നനഞ്ഞുകുതിര്‍ന്നു. സൂപ്പര്‍ ലീഗ് കേരളയിലെ എട്ടാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ ഗോള്‍വിരുന്നൊരുക്കി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മലപ്പുറം എഫ്.സി തൃശൂര്‍ മാജിക് എഫ്.സിയെ പരാജയപ്പെടുത്തി. ഹോം ഗൗണ്ടിലെ ആദ്യ ജയം മലപ്പുറം അവിസ്മരണീയമാക്കി. പെഡ്രോ മാന്‍സി (45, 54), അലക്‌സ് സാഞ്ചസ് (84) എന്നിവരാണ് മലപ്പുറത്തിന്റെ ഗോള്‍വേട്ടക്കാര്‍. മാന്‍സിയുടെയും ഗോളി മുഹമ്മദ് സിനാനിന്റെയും ബലത്തിലായിരുന്നു മലപ്പുറത്തിന്റെ മുന്നേറ്റം. കോഴിക്കോടിനെതിരെ നടന്ന എവേ മാച്ചില്‍ നിന്നും അഞ്ച് മാറ്റങ്ങളുമായാണ് മലപ്പുറം ഇറങ്ങിയത്. ഗോള്‍കീപ്പര്‍ ടെന്‍സിന്‍, റൂബന്‍ ഗാര്‍സസ്, ബിന്ധ്യ, അലക്‌സ് സാഞ്ചസ്, നവീന്‍ എന്നിവരെ കോച്ച് പുറത്തിരുത്തി. ഗോള്‍കീപ്പറായി അണ്ടര്‍ 23 താരം മുഹമ്മദ് സിനാന്‍, ഗുര്‍ജീന്ദര്‍ കുമാര്‍, സെര്‍ജിയോ ബാര്‍ബോസ, നോറം, പെഡ്രോ മാന്‍സി എന്നിവര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി. 5 3 2 ശൈലിയിലാണ് ആദ്യ ജയം തേടി തൃശൂര്‍ ഇറങ്ങിയത്. നിര്‍ണായക മത്സരത്തില്‍ ആക്രമത്തിന് മൂര്‍ച്ഛ കൂട്ടിയാണ് ഇരു ടീമുകളും പന്തുതട്ടിയത്. ഏഴാം മിനുട്ടില്‍ മലപ്പുറത്തിന്റെ സ്പാനിഷ് താരം പെഡ്രോ മാന്‍സിക്ക് ബോക്‌സിനകത്ത് നിന്ന് മികച്ച അവസരം ലഭിച്ചെങ്കിലും തൃശൂരിന്റെ പ്രതിരോധം തട്ടിയകറ്റി. തൊട്ടടുത്ത നിമിഷം ലഭിച്ച ഫ്രീകിക്കും ഗോളിലേക്ക് എത്തിയില്ല. 17ാം മിനുട്ടില്‍ തൃശൂര്‍ ലീഡ് നേടുമെന്ന് ഉറപ്പിച്ച മുന്നേറ്റം ഉണ്ടായി. മൈനസ് പാസ് സ്വീകരിക്കുന്നതില്‍ ഗോളി മുഹമ്മദ് സിനാന് ഉണ്ടായ വീഴ്ച ഗോളാക്കുന്നതില്‍ തൃശൂര്‍ പരാജയപ്പെട്ടു. 23ാം മിനുട്ടില്‍ ജൊസബ ബെറ്റിയ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പ്രതീഷ് തൃശൂരിന്റെ ഗോള്‍മുഖം കാത്തു. 34ാം മിനുട്ടില്‍ എതിര്‍താരത്തെ വെട്ടിയൊഴിഞ്ഞ് മുന്നേറിയ തൃശൂരിന്റെ മലയാളി താരം കെ.പി ഷംനാദിന്റെ നീക്കം ഗോളി മുഹമ്മദ് സിനാന്‍ തടഞ്ഞിട്ടു. മുന്നേറ്റത്തില്‍ മികച്ചുനിന്നപ്പോഴും മലപ്പുറത്തിന്റെ പ്രതിരോധത്തില്‍ പിഴവുകള്‍ ഉണ്ടായി. 45ാം മിനുട്ടില്‍ മലപ്പുറം ലീഡെടുത്തു. വലത് വിങ്ങില്‍ നിന്ന് സെര്‍ജിയോ ബാര്‍ബോസ നല്‍കിയ ക്രോസ് പെഡ്രോ മാന്‍സിയുടെ മനോഹരമായ ഹെഡറിലൂടെ വലയ്ക്കുള്ളിലെത്തി. സ്‌കോര്‍ (1 0).
പകരക്കാരെ കളത്തിലിറക്കി രണ്ടാം പകുതിയില്‍ തൃശൂര്‍ പരീക്ഷണം നടത്തി. മേയ്‌സണേയും മുഹമ്മദ് ഷഫ്‌നീദിനെയും തിരിച്ചുവിളിച്ച് ഡാനിയെയും ഗിഫ്റ്റിയെയും കളത്തിലിറക്കി. മറുപടി ഗോളിനായുള്ള ശ്രമത്തിലായിരുന്നു തൃശൂര്‍ മാജിക് എഫ്.സി. ഇതിനിടയില്‍ പകരക്കാരന്‍ ഡാനി പെഡ്രോ മാന്‍സിയെ ബോക്‌സില്‍ വീഴ്ത്തിയതിന് തൃശൂര്‍ കനത്ത വിലനല്‍കേണ്ടി വന്നു. 54ാം മിനുട്ടില്‍ മലപ്പുറം ലീഡുയര്‍ത്തി. പെനാല്‍റ്റി മാന്‍സി വലയിലാക്കി. മലപ്പുറം സേഫ് സോണിലേക്ക് പ്രവേശിച്ച നിമിഷമായിരുന്നു. സ്‌കോര്‍ (2 0). രണ്ട് ഗോളുകള്‍ക്ക് പിറകിലായതോടെ തൃശൂരിന്റെ മുന്നേറ്റത്തിന് മൂര്‍ച്ഛയേറി. ഗോളവസരങ്ങള്‍ തുറന്നു. 67ാംമിനുട്ടില്‍ അലക്‌സ് സാന്റോസ് തൊടുത്ത ഫ്രീകിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. മിത്തിന് പകരക്കാരനായി അനസ് എടത്തൊടികയെ വിന്യസിച്ചു. ഈ തന്ത്രം ഫലം കണ്ടു. 84ാം മിനുട്ടില്‍ അനസ് നല്‍കിയ പന്ത് ചെസ്റ്റില്‍ സ്വീകരിച്ച് കുതിച്ച അലക്‌സ് സാഞ്ചസ് എതിര്‍താരത്തെ വെട്ടിയൊഴിഞ്ഞ് തൃശൂരിന്റെ വല കുലുക്കി. സ്‌കോര്‍ (3 0). തൃശൂരിന്റെ പതനം പൂര്‍ണമാവുകയായിരുന്നു. രണ്ടാം ജയത്തോടെ ഒന്‍പത് പോയിന്റുമായി മലപ്പുറം എഫ്.സി സെമിസാധ്യത നിലനിര്‍ത്തി. ഇരട്ട ഗോള്‍ നേടിയ പെഡ്രോ മാന്‍സിയാണ് കളിയിലെ താരം.