കാലിക്കറ്റ് തിരുവനന്തപുരത്തെ നേരിടും
മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ പ്രഥമ ഫൈനലിസ്റ്റുകൾ ആരെന്ന് ഇന്നറിയാം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയും തിരുവനന്തപുരം കൊമ്പൻസും തമ്മിലാണ് പോരാട്ടം.10 മത്സരങ്ങളിൽ അഞ്ച് ജയവും നാല് സമനിലയുമായി ഒന്നാം സ്ഥാനക്കാർ എന്ന പകിട്ടോടെയാണ് കാലിക്കറ്റ് സെമിയിലെത്തിയത്. മൂന്ന് ജയവും നാല് സമനിലയുമുള്ള കൊമ്പൻസിന് അവസാന നിമിഷമാണ് നാലാം സ്ഥാനക്കാരായി സെമി ടിക്കറ്റ് ഉറപ്പിക്കാനായത്.
ടീം എന്ന നിലയിലും കളിക്കാരുടെ വ്യക്തിഗത മികവിലും ഏറെ മുന്നിലാണ് കാലിക്കറ്റ്. കോച്ച് ഇയാൻ ആൻഡ്രൂ ഗിലാൻ കളിക്കാരെ മാറ്റിപ്പരീക്ഷപ്പോഴൊന്നും ടീമിന്റെ കെട്ടുറപ്പ് നഷ്ടമായിരുന്നില്ല. അത് കാലിക്കറ്റിന്റെ ബെഞ്ച് സ്‌ട്രെങ്ത്ത് വെളിവാക്കുന്നു. ലീഗിൽ വ്യക്തിഗത മികവിൽ മുന്നിൽ നിൽക്കുന്നവരിലും കാലിക്കറ്റ് താരങ്ങൾ ഏറെയുണ്ട്. മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമായി ഗനി അഹമ്മദ് നിഗം,
നാല് ഗോളുമായി ടോപ് സ്‌കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബെൽഫോർട്ട്, ഗോൾ തടയുകയും ഗോളടിക്കുകയും ചെയ്യുന്ന അബ്ദുൽ ഹക്കു തുടങ്ങിയവരെല്ലാം അവരുടെ കരുത്താണ്. മുഹമ്മദ് റിയാസിനെ പോലുള്ള യുവതാരങ്ങളും ജിജോ ജോസഫ്, ബ്രിട്ടോ ഉൾപ്പടെയുള്ള പരിചയസമ്പന്നരും കാലിക്കറ്റ് ടീമിനെ തോൽപ്പിക്കാൻ പ്രയാസമുള്ള ടീമാക്കി മാറ്റുന്നു.ബ്രസീലിയൻ കോച്ചും കളിക്കാരുമാണ് കൊമ്പൻസിന്റെ കരുത്ത്.
നീളക്കാരൻ ഗോളി മിഖായേൽ സാന്റോസ്, കളംമുഴുവൻ പറന്നു കളിക്കുകയും അസിസ്റ്റിൽ മുന്നിൽ നിൽക്കുകയും ചെയ്യുന്ന പാട്രിക് മോട്ട, ഇതിനോടകം മൂന്ന് ഗോൾ സ്‌കോർ ചെയ്ത ഓട്ടിമർ ബിസ്‌പൊ എന്നിവരെല്ലാം സെർജിയോ അലക്‌സാണ്ടർ പരിശീലിപ്പിക്കുന്ന കൊമ്പൻസിനെ പ്രവചനങ്ങൾക്ക് വഴങ്ങാത്ത ടീമാക്കുന്നു. അബ്ദുൽ ബാദിശ്, ഗണേശൻ തുടങ്ങിയ സീസണൽ കളിക്കാരും ടീമിന്റെ മികവാണ്.
ലീഗിൽ ഇരു ടീമുകളും രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ തിരുവനന്തപുരത്ത് വെച്ച് കാലിക്കറ്റ് 41ന് വിജയിച്ചു. കോഴിക്കോട്ടെ കളി 11 സമനിലയിൽ അവസാനിക്കുകയായിരുന്നു. രാത്രി 7.30നാണ് മത്സരം.