പുതിയ സീസണിലേക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി പുതിയ താരങ്ങളെ ടീമിലെത്തിക്കുന്ന തിരക്കിലാണ് വിവിധ താരങ്ങൾ. അടുത്ത സീസണിലേക്കായി ആരെല്ലാം ഏതെല്ലാം ക്ലബിലേക്കെത്തുന്നുവെന്ന് വായിക്കാം. റയൽ മാഡ്രിഡിന്റെ തുർക്കിഷ് യുവതാരം ആർദ ഗൂലറിനായി ലിവർപൂൾ ശ്രമം നടത്തുന്നുവെന്നതാണ് ട്രാൻസ്ഫർ മാർക്കറ്റിലെ ചൂടുള്ള വാർത്ത. ടർക്കിഷ് ഫുട്‌ബോളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗൂലറിനെ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ ട്രാൻസ്ഫർ നടപടികളിലേക്ക് കടക്കാനും ലിവർപൂളിന് താൽപര്യമുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 98 മില്യൻ യൂറോ ചിലവഴിച്ചാൽ ലഭിക്കുകയാണെങ്കിൽ വിങ്ങർ പെഡ്രോ നെറ്റോ, ലെഫ്റ്റ് ബാക്ക് റയാൻ നൗരി എന്നിവരും ലിവർപൂളിന്റെ റഡാറിലുള്ളതായി ഗിവ്മി സ്‌പോട്‌സിന്റെ റിപ്പോർട്ടിലുണ്ട്. ആർ.ബി ലെപ്‌സിഗ് മിഡ്ഫീല്ഡർ ഡാനി ഒൽമോക്കായി ബാഴ്‌സലോണ കരുക്കൾ നീക്കുന്നതായി ജർമനിയിൽനിന്ന് ബിൽഡ് റിപ്പോർട്ട് ചെയ്തു.
അഞ്ചു വർഷത്തെ കരാറിലാണ് ഒൽമോയെ തട്ടകത്തിലെത്തിക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നത്. ചെൽസി മധ്യനിര താരം കോണർ ഗല്ലഹറിനെ സ്വന്തമാക്കാൻ ലാലിഗ കരുത്തൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡ് ശക്തമായ ആഗ്രമുള്ളതായി ടീംടാൽക് റിപ്പോർട്ട് ചെയ്തു. താരത്തിനായി ഇരു വിഭാഗവും ചർച്ചകൾ പൂർത്തിയാക്കിയതായും ടീംടാകിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
ചെൽസിയുടെ മറ്റൊരു അക്കാദമി താരത്തെ കൂടി സ്വന്തമാക്കാനുള്ള ചർച്ചകൾ എ.സി മിലാൻ തുടങ്ങിയതായി ഇറ്റലിയിൽനിന്നുള്ള കാൽസിയോമെർകാറ്റോ ഇറ്റലി റിപ്പോർട്ട് ചെയ്തു. ചെൽസിയുടെ അക്കാദമി താരം അർമാൻഡോ ബ്രോയക്ക് വേണ്ടിയാണ് മിലാൻ ആഗ്രഹം പ്രകടിപ്പിച്ചത്. റിയൽ സോസിഡാഡ് മിഡ്ഫീൽഡർ മൈക്കൽ മെറിനോക്ക് ബാഴ്‌സലോണയിൽ ചേരാൻ താൽപര്യമില്ലെന്നും ആഴ്‌സനലിലേക്ക് ചേക്കേറാനാണ് താരത്തിന് താൽപര്യമെന്നും സ്‌പോടിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
റാംസസ് ഹോയ്‌ലൻഡ്, ജോഷ്വാ സിർക്‌സി എന്നിവർക്കൊപ്പം അക്രമനിരയിൽ ഉൾപ്പെടുത്താൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ബ്രൻഡ്‌ഫോർഡ് സ്‌ട്രൈക്കർ ഇവാൻ ടോണിയെ ഓൾഡ് ട്രാഫോർഡിലെത്തിക്കാനുള്ള ശ്രമങ്ങൽ നടത്തുന്നുണ്ട്. എന്നാൽ തുക യുനൈറ്റഡ് പ്രതീക്ഷിക്കുന്നതാണെങ്കിൽ മാത്രമേ കൂടുതൽ ചർച്ചകളിലേക്ക് ചുവന്ന ചെകുത്താൻമാർ കടക്കൂവെന്നും ഗിവ്മിസ്‌പോടിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ബാഴ്‌സലോണയുടെയും ചെൽസിയുടെയും മുൻ ലെഫ്റ്റ് ബാക്ക് മാർക്കോസ് അലോൻസോയെ ടീമിലെത്തിക്കാനും യുനൈറ്റഡിന് താൽപര്യമുണ്ടെന്നും യൂറോപ്പിൽനിന്ന് റിപ്പോർട്ട് വരുന്നുണ്ട്. ദ മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 35 മില്യൻ യൂറോ വിലപറയുന്ന എ.സി മിലാൻ സെന്റർ ബാക്ക് മാലിക് തിയാവിനായി ന്യൂകാസിൽ ശക്തമായി രംഗത്തുള്ളതായി ദ ടൈംസിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ജേക്കബ് റാംസിക്കായി ടോട്ടനം രംഗത്തുള്ളതായി ഫുട്‌ബോൾ ഇൻഡസൈഡറിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്‌സന് വേണ്ടി സഊദി ക്ലബായ അൽ ഇത്തിഹാദ് 32 മില്യൻ പൗണ്ടിന്റെ ഓഫർ നൽകിയതായി റൂഡി ഗാലെറ്റി റിപ്പോർട്ട് ചെയ്തു.