ബ്യൂണസ് ഐറിസിലെ റിവര്‍പ്ലേറ്റ് സ്റ്റേഡിയത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വിളയാട്ടം. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരേയാണ് മെസി വിശ്വരൂപം പൂണ്ടത്. ഹാട്രിക് ഗോളുകളും രണ്ട് അസിസ്റ്റും നേടിയ മെസിയുടെ മികവില്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനിയന്‍ ജയം. പരിക്കുമാറി തിരിച്ചെത്തിയ രണ്ടാം മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാന്‍ മെസിക്കായി. മത്സരത്തിന്റെ 19, 84, 86 മിനുട്ടുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. 19ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസിന്റെ പാസില്‍ നിന്ന് മെസി തന്നെയാണ് അര്‍ജന്റീനയുടെ ഗോള്‍ മേളം തുടങ്ങിയത്.
പിന്നാലെ 43ാം മിനുട്ടില്‍ മെസിയുടെ അസിസ്റ്റില്‍ ലൗതാരോ മാര്‍ട്ടിനസും ഗോള്‍ നേടി. ആദ്യ പകുതി അവസാനിക്കാനിരിക്കെ മെസിയുടെ തന്നെ അസിസ്റ്റില്‍ ജൂലിയന്‍ അല്‍വാരസ് ടീമിന്റെ മൂന്നാം ഗോളും നേടി.
69ാം മിനുട്ടില്‍ തിയാഗോ അല്‍മാഡയും സ്‌കോര്‍ ചെയ്തു. പിന്നാലെ 84, 86 മിനുട്ടുകളില്‍ ബൊളീവിയന്‍ വലകുലുക്കിയ മെസി ഹാട്രികും തികച്ചു.
ജയത്തോടെ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 10 കളികളില്‍ നിന്ന് 22 പോയന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. 10 മത്സരങ്ങളില്‍ നിന്ന് 19 പോയിന്റോടെ കൊളംബിയയാണ് രണ്ടാമത്. 16 പോയിന്റ് വീതമുള്ള ഉറുഗ്വയും ബ്രസീലുമാണ് യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളില്‍.