Shopping cart

  • Home
  • Football
  • ബൗണ്ടിയില്‍നിന്ന് ബെര്‍ണബ്യൂവിലേക്ക് കനല്‍പഥം താണ്ടിയ 25 കാരന്‍
Football

ബൗണ്ടിയില്‍നിന്ന് ബെര്‍ണബ്യൂവിലേക്ക് കനല്‍പഥം താണ്ടിയ 25 കാരന്‍

Email :2160

രണ്ടാം വയസില്‍ വീട്ടിനുള്ളില്‍ പിതാവ് കൊണ്ടുവന്ന ഫുട്ബോള്‍ കണ്ടുകൊണ്ടായിരുന്നു കിലിയന്‍ എംബാപ്പെ ലോട്ടിന്‍ എന്ന പയ്യന്‍ വളരുന്നത്. വീട്ടിനുള്ളിലെ സ്വീകരണമുറി ഫുട്ബോള്‍ കളിക്കാനുള്ള ആദ്യ ഇടമാക്കി മാറ്റിയ ആ പയ്യനാണ് ലോക ഫുട്ബോളിന്റെ കളിത്തൊട്ടിലായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് ഇനി പന്തു തട്ടാന്‍ തയ്യാറെടുക്കുന്നത്. തെരുവുകള്‍ മുഴുവനും ഫുട്ബോള്‍ കളിക്കുന്ന കുഞ്ഞു പിള്ളേരുള്ള കാമറൂണില്‍നിന്നുള്ള പിതാവ്, ഫുട്ബോളിന്റെ നഴ്സറികള്‍ കൊണ്ട് സമ്പന്നമായ അള്‍ജീരിയയില്‍ നിന്നുള്ള മാതാവ് എന്നിവരുടെ ആദ്യത്തെ മകനായിട്ടായിരുന്നു എംബാപ്പെയുടെ ജനനം. ഇരുവരും ഫ്രാന്‍സില്‍ വെച്ച് പരിചയപ്പെട്ടായിരുന്നു കല്യാണം കഴിച്ചത്. പിന്നീട് പാരിസില്‍ സ്ഥിര താമസമാക്കുകയായിരുന്നു.

ജീവിതത്തില്‍ ആദ്യമായി പന്തു കണ്ട അന്നുമുതല്‍ മനസിലുദിച്ച ആഗ്രഹമായിരുന്നു ലോകമറിയുന്ന ഫുട്ബോളറാകണമെന്നും ലോകത്തെ ഏറ്റവും പ്രശസ്തമായ ക്ലബിന് വേണ്ടി കളിക്കണമെന്നുമുള്ളതും. ആ ആഗ്രഹമാണ് 25കാരനായ താരം ഇപ്പോള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ആ ആഗ്രഹത്തിലേക്ക് ഉറച്ച ചുവടുകളുമായി മുന്നേറിയ എംബാപ്പെ എന്ന തന്ത്രശാലിയും വേഗക്കാരമായ താരം 19ാം വയസിലായിരുന്നു ഫുട്ബോള്‍ ലോകകപ്പ് നേടിയത്. തുടര്‍ന്ന് രാജ്യത്തിനൊപ്പം യുവേഫ നാഷന്‍സ് ലീഗ് കിരീടവും നേടി.

2015ല്‍ 14ാം വയസില്‍ തന്നെ ഫ്രഞ്ച് ക്ലബായ മൊണോക്കോയുടെ രണ്ടാം ഡിവിഷന്‍ ടീമിനൊപ്പമായിരുന്നു പ്രൊഫഷണല്‍ ഫുട്ബോളിലേക്കുള്ള ചുവടുവെയ്പ്പ്. പിന്നീട് ഫ്രാന്‍സിലെ തന്നെ പി.എസ്.ജിയിലേക്ക് ചുവട്മാറിയ താരം അവിടെ നീണ്ട ഏഴു വര്‍ഷക്കാലം ഫുട്ബോള്‍ കളിച്ചു. പി.എസ്.ജിക്കായി 178 മത്സരം കളിച്ച എംബാപ്പെ  17 വിവിധ കിരീടങ്ങളും സ്വന്തമാക്കിയാണ് ഫ്രാന്‍സില്‍ നിന്ന് പുതിയ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലേക്ക് കൂടുമാറുന്നത്. ആറു ലീഗ് കപ്പ്, നാലു ഫ്രഞ്ച് കപ്പ്, അഞ്ച് ഫ്രഞ്ച് സൂപ്പര്‍ കപ്പ്, രണ്ട് ലീഗ് കപ്പ് എന്നിവയാണ് പി.എസ്.ജിക്കൊപ്പമുള്ള താരത്തിന്റെ നേട്ടം.

2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പിൽ ഫൈനലില്‍ അര്‍ജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് എംബാപ്പെയായിരുന്നു. ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്കൊപ്പം എല്ലാം നേടിയ എംബാപ്പെ ഇനി ചാംപ്യന്‍സ് ലീഗ് മോഹവുമായിട്ടിണ് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തുന്നത്. എന്തായാലും വിദൂരമല്ലാത്ത ഭാവിയില്‍ അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. അതിലപ്പുറം താന്‍ ഫുട്ബോള്‍ കണ്ട് വളര്‍ന്നപ്പോഴുള്ള ആഗ്രഹമായിരുന്നു റയല്‍ മാഡ്രിഡിനായി പന്തു തട്ടുകയെന്നത്. അതിനായി തന്റെ ബൗണ്ടിയിലെ കുഞ്ഞു റൂം അക്കാലത്തെ റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫോട്ടോ കൊണ്ടായിരുന്നു താരം അലങ്കരിച്ചത്. മനക്കരുത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും കരുത്ത് കൊണ്ട് മാത്രമായിരുന്നു ചെറുപ്പത്തില്‍ കണ്ട സ്വപ്നത്തിലേക്ക് എംബാപ്പേക്ക് ഷോട്ട് പായിക്കാന്‍ കഴിഞ്ഞത്. റയലിനായി സാന്റിയാഗോ ബെര്‍ണബ്യൂവിലെ പുല്‍ക്കൊടികളെ എംബാപ്പെ കിടിലംകൊള്ളിക്കുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts