Shopping cart

  • Home
  • Football
  • സൂപ്പർ ലീഗ് കേരള: ജയമില്ലാതെ കാലിക്കറ്റ്
Football

സൂപ്പർ ലീഗ് കേരള: ജയമില്ലാതെ കാലിക്കറ്റ്

സൂപ്പർ ലീഗ് കേരള
Email :29

കാലിക്കറ്റ് എഫ്.സി 1-1കണ്ണൂർ വാരിയേഴ്‌സ്

സ്വന്തം തട്ടകത്തിൽ ജയം കൊതിച്ചിറങ്ങിയ കാലിക്കറ്റ് എഫ്.സിക്ക് വീണ്ടും തിരിച്ചടി. ഇന്നലെ കണ്ണൂർ വാരിയേഴ്‌സിനെതിരേ നടന്ന മത്സരത്തിൽ 1-1 എന്ന സ്‌കോറിന് സമനിലയിലായിരുന്നു മത്സരം അവസാനിച്ചത്. സ്പാനിഷ് താരം അഡ്രിയാൻ സെർദിനേറോ കണ്ണൂർ വാരിയേഴ്‌സിനായും പി.എം ബ്രിട്ടോ കാലിക്കറ്റ് എഫ്.സിക്കായും ഗോളുകൾ കണ്ടെത്തി. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് മത്സരം തുടങ്ങിയത്.

അബ്ദുൽ ഹക്കുവിന്റെ നേതൃത്വത്തിൽ താഹിർ സമാൻ ബെൽഫോർട്ട് ഗനി നിഗം എന്നിവരെ ആക്രമണ ചുമതല ഏൽപ്പിച്ചാണ് കാലിക്കറ്റ് ഇറങ്ങിയത്. സ്പാനിഷ് നായകൻ അഡ്രിയാൻ സെർദിനേറോക്ക് കീഴിൽ കണ്ണൂരും ബൂട്ടുകെട്ടി. എട്ടാം മിനുട്ടിൽ കാലിക്കറ്റിന്റെ യുവതാരം റിയാസിന് നല്ലൊരവസരം കൈവന്നെങ്കിലും ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഇരുപത്തിയാറാം മിനുട്ടിൽ കണ്ണൂരിന്റെ ഫ്രീകിക്ക് കാലിക്കറ്റ് ഗോളി വിശാൽ കോർണർ വഴങ്ങി രക്ഷപ്പെടുത്തി.

സംഘടിത നീക്കങ്ങൾ നടത്താൻ ഇരു സംഘങ്ങൾക്കും കഴിഞ്ഞങ്കിലും ഫിനിഷിങിലെ കൃത്യതയില്ലായ്മ ആദ്യപകുതിയെ ഗോൾ രഹിതമാക്കി. രണ്ടാം പകുതിയിൽ ബ്രിട്ടോ, അഭിറാം എന്നിവരെ കൊണ്ടുവന്ന് കാലിക്കറ്റ് അറ്റാക്കിങ് ഡിപ്പാർട്ട്‌മെന്റ് പുതുക്കിപ്പണിതു. എന്നാൽ ഗോളടിച്ചത് കണ്ണൂരായിരുന്നു. അറുപതാം മിനുട്ടിൽ എസിയർ ഗോമസ് ഒത്താശ നൽകിയ പന്തിൽ സ്പാനിഷ് താരം അഡ്രിയാൻ സെർദിനേറോയുടെ ക്ലിനിക്കൽ ഫിനിഷിങ് സ്‌കോർ 1-0.

എഴുപത്തിയൊന്നാം മിനുട്ടിൽ കൂട്ടപ്പൊരിച്ചിലിനിടെ ലഭിച്ച പന്ത് ഗനി കണ്ണൂർ പോസ്റ്റിലേക്ക് ലക്ഷ്യമിട്ടെങ്കിലും ഗോൾ കീപ്പർ അജ്മൽ രക്ഷകനായി. ഇഞ്ചുറി ടൈമിൽ മൂന്ന് കണ്ണൂർ താരങ്ങളെ വെട്ടി യൊഴിഞ്ഞ് ബ്രിട്ടോ തൊടുത്ത ഷോട്ട് കണ്ണൂർ വലയിൽ വിശ്രമിച്ചു 1-1.ലീഗ് ടേബിളിൽ അഞ്ചു കളികളിൽ ഒൻപത് പോയന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്താണ്. ഇത്രയും കളികളിൽ 7 പോയന്റുള്ള കാലിക്കറ്റ് രണ്ടാംസ്ഥാനത്ത് തുടരുന്നു. ചൊവ്വാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്‌സി ഫോഴ്‌സ കൊച്ചിയെ നേരിടും.

അർജുന് സഹായവുമായി അധികൃതർ
ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടായിരുന്നു മത്സരം തുടങ്ങിയത്. താരങ്ങളോടൊപ്പം മത്സരം കാണാനെത്തിയവരും അർജുന് ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ മത്സരത്തിന്റെ ടിക്കറ്റ് കളക്ഷനിൽനിന്ന് ലഭിച്ച മുഴുവൻ തുകയും അർജുന്റെ കുടുംബത്തിന് നൽകുമെന്നും അധികൃതർ അറിയിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts