എ.എഫ്.സി യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ അണ്ടർ 20 ഫുട്‌ബോൾ ടീമിനെ നയിക്കാൻ ഡൽഹിയിൽ താമസമാക്കിയ മലയാളി താരം തോമസ് ചെറിയാൻ. മംഗോളിയക്കെതിരേ ഇന്ന് ഉച്ചക്ക് 2.30നാണ് ഇന്ത്യയുടെ ആദ്യ മത്സരം. പത്തു ഗ്രൂപ്പുകളായി തിരിച്ചാണ് വിവിധ ടീമുകൾ യോഗ്യതാ മത്സരത്തിനിറങ്ങുന്നത്. ഓരോ ഗ്രൂപ്പിലെയും മികച്ച ടീമുകളും 10 ഗ്രൂപ്പുകളിൽനിന്നുള്ള മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും.
കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യൻ ടീം ന്യൂഡൽഹി ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ പരിശീലനത്തിലായിരുന്നു. ഇന്നലെയായിരുന്നു തോമസ് ചെറിയാനെ ക്യാപ്റ്റനാക്കി പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീം താരമാണ് തോമസ് ചെറിയാൻ. രഞ്ജൻ ചൗധരിയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ” കഴിഞ്ഞ മൂന്ന് മാസമായി ടീം മികച്ച തയ്യാറെടുപ്പിലായിരുന്നു. തീർച്ചയായും ഞങ്ങളുടെ ലക്ഷ്യം എ.എഫ്.സി കപ്പിന് യോഗ്യത നേടുക എന്നതാണ്.
ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും നമ്മുടെ കുട്ടികൾ ചരിത്രം സൃഷ്ടിക്കുന്നത് കാത്തിരുന്ന് കാണാം. ഇന്ന് ആദ്യത്തെ മത്സരത്തിൽ ടീം മംഗോളിയയെ നേരിടാനിരിക്കുകയാണ്. ഇന്നത്തെ മത്സരത്തിൽനിന്ന് മൂന്ന് പോയിന്റ് നേടി ആത്മവിശ്വാസം നേടുക എന്നതാണ് ടീമിന് മുന്നിലുള്ള പ്രധാന ലക്ഷ്യം” മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പരീലകൻ രഞ്ജൻ ചൗധരി വ്യക്തമാക്കി.