ലോക ക്രിക്കറ്റിൽ നിന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസതാരം ജെയിംസ് ആൻഡേഴ്‌സൺ പടിയിറങ്ങിയിരിക്കുകയാണ്. ഇംഗ്ലീഷുകാർ ജിമ്മിയെന്ന് വിളിക്കുന്ന ആൻഡേഴ്‌സനിലൂടെ ലോക ക്രിക്കറ്റിന്റെ പേസ് ആക്രമണനിരക്ക് പുതുയുഗം സമ്മാനിച്ച ആൻഡേഴ്‌സൻ ഇനി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ മൈതാനത്തുണ്ടാവില്ല. 2002 ൽ ആസ്‌ത്രേലിയക്കെതിരേ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ജിമ്മി 2015 വരെ ഇംഗ്ലീഷ് ഏകദിന ക്രിക്കറ്റിന്റെ പേസ് ആക്രമണത്തെ നയിച്ചു.
കൃത്യമായ ലൈനും,ലെങ്ത്തും എന്നും കാത്തുസൂക്ഷിച്ചിരുന്ന ജിമ്മി ബാറ്റർമാരുടെ പേടിസ്വപ്നമായിരുന്നു. ടി20 ക്രിക്കറ്റിൽ 21 മത്സരങ്ങൾ മാത്രം കളിച്ച ജിമ്മി, 2010ൽ ഇംഗ്ലണ്ട് ടി20 വേൾഡ് കപ്പ് കിരീട നേടിയ ടീമിൽ അംഗമായിരുന്നു. എന്നാൽ ജിമ്മിയുടെ ഏറ്റവും മനോഹരമായ സ്‌പെല്ലുകൾ കണ്ടത് ടെസ്റ്റ് ക്രിക്കറ്റ് ലോകമാണ്. റെഡ് ബോൾ ക്രിക്കറ്റിൽ ജിമ്മിയോളം അപകടകാരിയായ മറ്റൊരു പേസ് ബൗളറെയും കണ്ടെത്താൻ സാധിക്കില്ല.
2003ൽ സിംബാവയ്‌ക്കെതിരെ ടെസ്റ്റ് ക്യാപ് അണിഞ്ഞ ജിമ്മി പിന്നീട് ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായി മാറി. 21 വർഷം നീണ്ട കരിയറിൽ ഒരു പേസ് ബോളർക്ക് നേടിയെടുക്കാവുന്ന എല്ലാ നേട്ടങ്ങളും ജിമ്മി തന്റെ വലംകൈ പേസ് ബൗളിങ്ങിലൂടെ നേടിയെടുത്തിരുന്നു. 147 വർഷം പഴക്കമുള്ള ടെസ്റ്റ് ക്രിക്കറ്റിൽ 40000 പന്തുകൾ എറിയുന്ന ആദ്യ പേസ് ബോളർ,അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളും കൂട്ടി 50000തിലധികം പന്തുകളെറിഞ്ഞ ഒരേയൊരു താരം.
ടെസ്റ്റ് ക്രിക്കറ്റിൽ പേസർമാരിൽ(703 വിക്കറ്റ്) ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം, ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഏറ്റവും പ്രായമേറിയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതാരം എന്നിങ്ങനെ ആർക്കും വെല്ലുവിളി ഉയർത്തുന്ന ടെസ്റ്റ് ക്രിക്കറ്റ് കരിയർ വളർത്തിയെടുത്ത ജിമ്മി തന്റെ അവസാന മത്സരത്തിൽ വെസ്റ്റിഡിസിനെതിരെ മൂന്നു വിക്കറ്റുകൾ വീഴ്ത്തി തന്റെ ഇതിഹാസ പൂർണമായ ക്രിക്കറ്റ് കരിയറിൽ നിന്ന് 41ാം വയസിൽ പടിയിറങ്ങിയിരിക്കുകയാണ്.
ലോക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ പേസ് യുഗത്തിന് ജിമ്മിയുടെ വിടവാങ്ങലോടെ അന്ത്യം കുറിക്കുകയാണ്. ” ഇംഗ്ലണ്ടിനൊപ്പമുള്ള യാത്ര ഞാൻ അവസാനിപ്പിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഈ തീരുമാനം ഏറ്റവും മികച്ച സമയത്താണ്. എന്നെ പിന്തുണച്ചതിന്, സ്‌നേഹിച്ചതിന് എല്ലാം നന്ദി” മത്സരശേഷം ജെയിംസ് ആൻഡേഴ്‌സൺ വ്യക്തമാക്കി.