യുവേഫ നാഷൻസ് ലീഗിൽ ഫ്രാൻസിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ഇറ്റലിയായിരുന്നു ഫ്രാൻസിനെ വീഴ്ത്തിയത്. 31 എന്ന സ്‌കോറിനായിരുന്നു ഫ്രാൻസിന്റെ തോൽവി. മത്സരം തുടങ്ങി ഒന്നാം മിനുട്ടിൽതന്നെ ഫ്രാൻസ് ഗോൾ നേടിയെങ്കിലും ലീഡ് നിലനിർത്താൻ അവർക്കായില്ല. ബ്രാഡ്‌ലി ബർക്കോളയായിരുന്നു ഫ്രാൻസിനായി ഗോൾ നേടിയത്.
എന്നാൽ 30ാം മിനുട്ടിൽ ഫെഡറിക്കോ ഡിമാർക്കോയിലൂടെ ഗോൾ മടക്കി ഇറ്റലി ആദ്യ പകുതിയിൽ തന്നെ സമനില പിടിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾവീതം നേടി സമനില പാലിച്ചു. രണ്ടാം പകുതിയിലായിരുന്നു ഇറ്റലിയുടെ രണ്ട് ഗോളുകളും പിറന്നത്. 51ാം മിനുട്ടിൽ ഡേവിഡ് ഫ്രട്ടെസി, 74ാം മിനുട്ടിൽ ജിയാകോമോ റാസ്പദോരി എന്നിവരായിരുന്നു ഇറ്റലിക്കായി ഗോളുകൾ കണ്ടെത്തിയത്.
മത്സരത്തിൽ കൂടുതൽ സമയത്തും പന്ത് കൈവശം വെച്ച് കളിച്ചത് ഫ്രാൻസായിരുന്നെങ്കിലും ജയിച്ചു കയറാൻ അവർക്കായില്ല. മറ്റൊരു മത്സരത്തിൽ 31 എന്ന സ്‌കോറിന് ബെൽജിയം ഇസ്രയേലിനെ തോൽപിച്ചു. കെവിൻ ഡിബ്രൂയിന്റെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു ബെൽജിയത്തിന്റെ ജയം. 21,52 മിനുട്ടുകളിലായിരുന്നു ഡിബ്രുയിന്റെ ഗോളുകൾ.
48ാം മിനുട്ടിൽ യോരി ടെലെമെൻസും ബെൽജിയത്തിനായി ലക്ഷ്യം കണ്ടു. എതിരില്ലാത്ത മൂന്ന് ഗോളിന് റൊമാനിയ കൊസോവയെ തോൽപിച്ചപ്പോൾ മോണ്ടിനഗ്രോക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമായിരുന്നു ഐസ്ലാൻഡ് നേടിയത്. തുർക്കിയും വെയിൽസും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.