ഐ.എസ്.എല്ലിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒഡിഷ എഫ്.സിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയാണ് 2-1 എന്ന സ്കോറിന് തോൽപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ റോയ് കൃഷ്ണയിലൂടെ ഒഡിഷയായിരുന്നു മുന്നിലെത്തിയത്. 22ാം മിനുട്ടിലായിരുന്നു താരത്തിന്റെ ഗോൾ. എന്നാൽ ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഈസ്റ്റ് ബംഗാൾ സമനില പിടിച്ചു.
ദിമിത്രിയോസ് ഡയമന്റക്കോസായിരുന്നു സമനില ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 69ാം മിനുട്ടിലായിരുന്നു ഒഡിഷയുടെ രണ്ടാം ഗോൾ ഈസ്റ്റ് ബംഗാളിന്റെ വലയിലെത്തിയത്്. മൊർത്താദ ഫാളായിരുന്നു ഗോൾ സ്കോറർ. 76ാം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ താരം പ്രൊവാട്ട് ലക്ര ചുവപ്പ് കാർഡ് കണ്ട് പുറത്തായി. തുടർന്ന് പത്തുപേരായിട്ടായിരുന്നു ഈസ്റ്റ് ബംഗാൾ മത്സരം പൂർത്തിയാക്കിയത്.
46 ശതമാനം പന്ത് കൈവശംവെച്ച് കളിച്ച ഈസ്റ്റ് ബംഗാൾ 18 ഷോട്ടുകൾ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തെങ്കിലും അതിൽ നാലെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. 54 ശതമാനം പന്ത് കൈവശംവെച്ച് കളിച്ച ഒഡിഷ 11 ഷോട്ടും എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തു.