ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം ഐ.എസ്.എല്ലിൽ വമ്പൻ ജയം സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഹൈദരബാദ് എഫ്.സിയും. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ജംഷഡ്പുർ എഫ്.സിയെ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു നോർത്ത് ഈസ്റ്റ് വീഴ്ത്തിയത്. മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ അലാദ്ദീൻ അയാരെയിലൂടെ നോർത്ത് ഈസ്റ്റ് മുന്നിലെത്തി. 29ാം മിനുട്ടിൽ ജംഷഡ്പുർ എഫ്.സി താരം സ്റ്റീഫൻ എസ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.
ഈ അവസരം മുതലാക്കിയായിരുന്നു നോർത്ത് ഈസ്റ്റ് ഗോളുകൾ നേടിയത്. പ്രതീപ് ഗൊഗോയ്, അയാരെ എന്നിവർ രണ്ട് ഗോളുകൾ നേടിയപ്പോൾ നിക്‌സണിന്റെ വകയായിരുന്നു ഒരു ഗോൾ. രണ്ടാം മത്സരത്തിൽ മുഹമ്മദൻസിനെ ഹൈദരാബാദ് എഫ്.സി എതിരില്ലാത്ത നാലു ഗോളിനായിരുന്നു വീഴ്ത്തിയത്. ഹൈദരാബാദിന്റെ സീസണിലെ ആദ്യ ജയമായിരുന്നു നേടിയത്. മത്സരത്തിൽ 60 ശതമാനം പന്ത് കൈവശംവെച്ച് കളിച്ച മുഹമ്മദൻസ് 22 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ നാലെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. അലൻ മിറാൻഡ ഹൈദരാബാദിനായി ഇരട്ട ഗോൾ നേടി. സ്റ്റീഫൻ സാപിച്ച്, പരാഗ് ശ്രീവാസ് എന്നിവരും ഹൈദരബാദിനായി ഗോൾ നേടി.